‘വെള്ളാപ്പള്ളിക്ക് മുസ്‌ലിം പേരിനോട് ഓക്കാനമോ’; ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല വി.സി നിയമനത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് മുസ്‌ലിം ലീഗ്

0
370

തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി ഡോ. മുബാറക് ഷായെ നിയമിച്ചതിനെ പിന്തുണച്ച് മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രിക.

ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സര്‍വ്വകലാശാലയില്‍ മുസ്‌ലിമിനെ വി.സിയായി നിയമിച്ചത് ശ്രീനാരായണ ധര്‍മ പരിപാലന സംഘം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിക്കുന്നത് ഗുരുവിന്റെ ആശയങ്ങള്‍ അദ്ദേഹം ഉള്‍ക്കൊള്ളാത്തത് കൊണ്ടാണെന്ന് ചന്ദ്രികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. മുസ്‌ലിം പേരിനോട് ഓക്കാനമോ എന്ന പേരില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ചന്ദ്രിക സര്‍ക്കാരിന് പിന്തുണയറിയിച്ചത്.

‘ഒരു ജാതി ഒരു മതം ഒരു ദൈവം’, എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പേരില്‍ വെള്ളാപ്പള്ളി വിവാദം ഉണ്ടാക്കുന്നത് ഗുരുനിഷേധമാണെന്ന് ചന്ദ്രിക പറയുന്നു.

”ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള സര്‍വ്വകലാശാലയായിട്ടല്ല സംസ്ഥാന സര്‍ക്കാര്‍ ഓപ്പണ്‍ സര്‍വ്വകലാശാല സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിലെ സര്‍വ്വകലാശാലകളിലെ അഫിലിയേറ്റഡ് കോളേജുകളില്‍ പ്രവേശനം ലഭിക്കാതെവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദൂരവിദ്യാഭ്യാസത്തിനായി മെച്ചപ്പെട്ട സൗകര്യമൊരുക്കുക എന്നതാണ് ഇത് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്”. ഇതിനെതിരെ വാദിക്കുന്നത് ബാലിശമാണെന്നും ചന്ദ്രിക മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.

” മുമ്പും ഗുരുദേവന്റെ അടിസ്ഥാന ആശയങ്ങളായ പലതിനെയും തന്റേതായ വ്യാഖ്യാനത്തിലൂടെ വക്രീകരിക്കുകയും സ്വാര്‍ത്ഥ രാഷ്ട്രീയ സാമ്പത്തിക മോഹങ്ങള്‍ക്കുവേണ്ടി ദുരുപയോഗിക്കുകയും ചെയ്തിട്ടുള്ളയാളെന്ന നിലക്ക് വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ വാക്കുകള്‍ തികഞ്ഞ അവജ്ഞതോടെയല്ലാതെ കടുത്ത വര്‍ഗീയത തലക്കുപിടിക്കാത്തയാരും കരുതുകയില്ല” ചന്ദ്രിക മുഖപ്രസംഗത്തില്‍ പറയുന്നു.

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി ഡോ. മുബാറക് പാഷയെ നിയമിച്ചതില്‍ വെള്ളാപ്പള്ളി നടേശന്‍ പ്രകടിപ്പിക്കുന്ന എതിര്‍പ്പുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് നേരത്തെ കോഴിക്കോട് സര്‍വ്വകലാശാല മുന്‍ അക്കാദമിക് കൗണ്‍സില്‍ അംഗം കൂടിയായ ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞിരുന്നു.

ശ്രീനാരായണ ഗുരു വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. മന്ത്രി കെ.ടി ജലീല്‍ നിര്‍ബന്ധിച്ചാണ് പ്രവാസിയെ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വി.സി ആക്കിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.

നേരത്തെ സി.പി.ഐ മുഖപത്രം ജനയുഗവും വിഷയത്തില്‍ വെള്ളാപ്പള്ളിക്കെതിരെ മുഖപ്രസംഗം എഴുതിയിരുന്നു. വിഷയത്തില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

സര്‍വ്വകലാശാല വൈസ് ചാന്‍സലറായി മുബാറക് പാഷയെ നിയമിച്ചതിനെതിരെ കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനും രംഗത്തെത്തിയിരുന്നു.

ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല വി.സി നിയമനം മുഖ്യമന്ത്രിയുടെ മരുമകന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നത്.

അതേസമയം ഈ വിഷയത്തില്‍ അപകീര്‍ത്തികരമായി തന്റെ പേര് പരാമര്‍ശിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here