കാസര്‍കോട്∙ ചെമ്മട്ടംവയലില്‍ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ ഏറെ വൈകി കേസെടുത്ത് പൊലീസ്. സഹപ്രവര്‍ത്തകനൊപ്പം ഒളിച്ചോടിയെന്നു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പെരിയ സ്വദേശിനിയായ ഹേമലത പരാതി നല്‍കിയിരുന്നത്. ഹോസ്ദുര്‍ഗ് കോടതിയുടെ നിര്‍ദേശ പ്രകാരം ബേക്കല്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
സ്വന്തം മകനുമുള്ള വാട്സാപ് ഗ്രൂപ്പിലാണ് അമ്മ മറ്റൊരു യുവാവുമായി ഒളിച്ചോടിയെന്നു ഫോട്ടോ സഹിതം ഫോര്‍വേഡ് മെസേജ് വന്നത്. ചെമ്മട്ടംവയിലില്‍ അക്ഷയ കേന്ദ്രം നടത്തുന്ന വീട്ടമ്മ ഒപ്പം ജോലി ചെയ്തിരുന്ന ഇരുപത്തിനാലുകാരനൊപ്പം ഒളിച്ചോടി എന്നായിരുന്നു വാട്സാപ്പിലൂടെ പ്രചരിച്ച സന്ദേശം
സൈബര്‍ അധിക്ഷേപത്തിനെതിരെ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ ആദ്യഘട്ടം വിജയിച്ച സന്തോഷത്തിലാണു സംരംഭകയായ ഹേമലത. സാങ്കേതികത്വത്തിന്‍റെ പേരില്‍ കേസെടുക്കുന്നത് വൈകിയപ്പോള്‍ കോടതി നിര്‍ദേശപ്രകാരമാണ് അവസാനം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
കിട്ടുന്നതെല്ലാം മുന്നും പിന്നും നോക്കാതെ പ്രചരിപ്പിച്ചവര്‍ക്കു തക്കതായ ശിക്ഷ വാങ്ങിക്കൊടുത്തിട്ടേ ഇനി വിശ്രമമുള്ളു എന്നാണ് ഹേമലത പറയുന്നത്. നേരത്തെ അപവാദ പ്രചാരണം നടത്തിയ ഒരു യുവാവിനെ ഹേമലത തന്നെ കണ്ടെത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് മാപ്പ് പറയിച്ചിരുന്നു. ഐടി ആക്ടിലെ 66 എ സുപ്രീംകോടതി എടുത്തുകളഞ്ഞതും പകരം വകുപ്പ് ഇല്ലാത്തതുമാണ് കേസെടുക്കാന്‍ വൈകിയതെന്നാണ് പൊലീസ് പറയുന്നത്.