രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ കേരളത്തിൽ; രോഗമുക്തി നിരക്കിൽ ദേശീയ ശരാശരിയേക്കാൾ പിന്നിൽ

0
379

തിരുവനന്തപുരം: രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ളത് കേരളത്തിലാണ്. ദില്ലിയെയും മഹാരാഷ്ട്രയെയും കർണാടകത്തെയും മറികടന്ന് സംസ്ഥാനത്ത് ഇന്നലെ 11,755 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി 17.46 ശതമാനത്തിലെത്തി. ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ഇന്നലത്തെ കണക്കുകളിൽ പതിനായിരം കടന്നത് കേരളമടക്കം 3 സംസ്ഥാനങ്ങളാണ്. കർണാടകയിൽ 10517ഉം മഹാരാഷ്ട്രയിൽ 11416ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. എല്ലാ സംസ്ഥാനങ്ങളെയും മറികടന്ന കേരളത്തിൽ ഇന്നലെ രോഗം സ്ഥീരികരിച്ചത് 11755 പേർക്കാണ്. 10471 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. തോത് 90 ശതമാനം. ഉറവിടം വ്യക്തമല്ലാത്ത രോഗികൾ 925. 116 ആരോഗ്യപ്രവർത്തകരും രോ​ഗബാധിതരിൽ ഉൾപ്പെടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, 100 രോഗികളെ പരിശോധിക്കുമ്പോൾ 17ലധികം പേർ രോഗികൾ എന്ന കണക്കിലെത്തി. ഇതും രാജ്യത്ത് ഇന്നലത്തെ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണ്. വരും ദിവസങ്ങളും ആശങ്കയുടേതെന്ന് വ്യക്തമാക്കുന്നതാണ് മുന്നറിയിപ്പുകൾ.

ചികിത്സയിലുള്ള രോഗികളുടെ തോതിലും ദശലക്ഷം പേരിലെ കൊവിഡ് ബാധയിലും കേരളം ദേശീയ നിരക്കിനേക്കാൾ മുകളിലാണ്. രോഗമുക്തിയിൽ ദേശീയ നിരക്കിനേക്കാൾ പിറകിലും. 7570 പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് രോഗമുക്തി. മരണം പിടിച്ചുനിർത്താനാവുന്നതാണ് ആശ്വാസം. കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ 8.6ലേക്ക് താഴ്ന്നത് ചർച്ചയായിതിന് സമാനമായാണ് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17ന് മുകളിലേക്ക് ഉയർന്നത്. വരും ദിവസങ്ങളിലെ കണക്കുകൾ കൂടി നിരീക്ഷിച്ചാലാകും ചിത്രം വ്യക്തമാവുക.

അതേസമയം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ഉടനെന്ന് സൂചന. രണ്ടാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ നൽകാൻ വിദ്ഗധ സമിതി നിർദ്ദേശം നൽകി. മുന്നാംഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക്ക് ഈ മാസം അഞ്ചിന് നൽകിയ അപേക്ഷ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ദ്ധ സമിതി അവലോകനം ചെയ്തിരുന്നു. പഠന മാതൃക തൃപ്തികരമെന്നാണ് സമിതി വിലയിരുത്തൽ. അന്തിമ അനുമതിക്ക് മുന്നോടിയായുള്ള വ്യക്തതക്ക് വേണ്ടിയാണ് സുരക്ഷാവിവരങ്ങൾ ഉൾപ്പെടെ സമ്പൂർണ്ണ റിപ്പോർട്ട് തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here