അഭിപ്രായ സ്വാതന്ത്ര്യത്തെപ്പോലെ ദുരുപയോഗം ചെയ്യപ്പെട്ട അവകാശം വേറെയില്ല; തബ്‌ലീഗ് വിഷയത്തില്‍ സുപ്രീം കോടതി, കേന്ദ്രത്തിന്റെ സത്യവാങ്മൂലം തള്ളി

0
308

ന്യൂദല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തെപോലെ ദുരുപയോഗം ചെയ്യപ്പെട്ട അവകാശം അടുത്ത കാലത്ത് ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി. തബ്‌ലീഗ് ജമാഅത്ത് കേസില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ പരാമര്‍ശം.

തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നും നിസാമുദ്ദീന്‍ മര്‍കസ് സംഭവത്തില്‍ മാധ്യമങ്ങള്‍ വിദ്വേഷം പരത്തി എന്നും ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജാമിയത് ഉലമ-ഇ-ഹിന്ദ്, പീസ് പാര്‍ട്ടി, ഡി.ജെ ഹള്ളി ഫെഡറേഷന്‍ ഓഫ് മസ്ജിദ് മദാരിസ്, വഖഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, അബ്ദുള്‍ കുഡൂസ് ലാസ്‌കര്‍ എന്നീ സംഘടനകള്‍ നല്‍കിയ ഹരജിയിലായിരുന്നു വാദം കേള്‍ക്കല്‍. മാധ്യമങ്ങളില്‍ മുസ്‌ലിം വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നെന്ന് കാണിച്ചായിരുന്നു ഇവരുടെ പരാതി.

പരാതിക്കാര്‍ ഉന്നയിച്ചതുപോലെ തെറ്റായ റിപ്പോര്‍ട്ടിംഗ് ഒന്നും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹരജിക്ക് മറുപടിയായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.

‘ഈ കോടതിയോട് ഇതുപോലെ പെരുമാറാന്‍ പറ്റില്ല. സത്യവാങ് മൂലം ഫയല്‍ ചെയ്തിരിക്കുന്നത് ഒരു ജൂനിയര്‍ ഉദ്യോഗസ്ഥനാണ്. ഇത് ഒഴിവാക്കാമായിരുന്നതായിരുന്നു. അതേസമയം മാധ്യമങ്ങളില്‍ വന്ന തെറ്റായ റിപ്പോര്‍ട്ടിംഗിനെ കുറിച്ച് ഒന്നും തന്നെ പരാമര്‍ശിക്കുന്നുമില്ല,’ സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു.

അതത് വകുപ്പുകളുടെ സെക്രട്ടറിമാരാണ് പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണമെന്നും കോടതി സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞു.

‘പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ച സംഭവത്തെക്കുറിച്ച് എന്താണ് തോന്നുതെന്ന് അതത് വകുപ്പിലുള്ള സെക്രട്ടറിയാണ് പറയേണ്ടത്. ഇപ്പോള്‍ ചെയ്തത് പോലെയുള്ള മണ്ടത്തരങ്ങള്‍ ഇനിയുണ്ടാവരുത്,’ ബോബ്‌ഡെ പറഞ്ഞു.

കേസില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിയിട്ടിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ പറഞ്ഞു. ഇതിന് മറുപടിയായാണ് ബോബ്‌ഡെയുടെ പരാമര്‍ശം.

‘ അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെട്ട സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യമാണ്,’ അദ്ദേഹം പറഞ്ഞു.

മാര്‍ച്ചിലായിരുന്നു ദല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തബ്‌ലീഗ് ജമാഅത്തെ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത കുറെ പേര്‍ക്ക് കൊവിഡ് പടര്‍ന്നിരുന്നു. ഇതിന് പിന്നാലെ മുസ്‌ലിം വിഭാഗത്തെ അധിക്ഷേപിച്ചു കൊണ്ട് പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കാരണം ജമാഅത്ത് സമ്മേളനമാണെന്നുള്ള വാദങ്ങളും ഉയര്‍ന്നിരുന്നു.

ചില മാധ്യമങ്ങള്‍ മാധ്യമ ധര്‍മവും കേബിള്‍ ടി.വി നെറ്റ്‌വര്‍ക്ക്‌സ് റെഗുലേഷന്‍ ആക്ടും അതേ നിയമത്തിന് കീഴില്‍ വരുന്ന മതത്തെയും വിഭാഗത്തെയും ആക്രമിച്ച് വര്‍ഗീയത പ്രചരിപ്പിക്കുന്നതിനെതിരെയുള്ള പ്രോഗ്രാം കോഡും ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതിക്കാര്‍ ഹരജി സമര്‍പ്പിച്ചത്.

ഫാക്ട് ചെക്കിംഗ് മാധ്യമമായ ആള്‍ട്ട് ന്യൂസ് അടക്കം തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് വന്ന വ്യാജവാര്‍ത്തകള്‍ മറനീക്കി പുറത്ത് കൊണ്ടു വന്നിട്ടുണ്ടെന്നും അവര്‍ പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഏത് വകുപ്പാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here