നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളായ നാല് മുന്‍ എം.എല്‍.എ മാര്‍ക്ക് ജാമ്യം

0
199

തിരുവനന്തപുരം:യു.ഡി.എഫ് കാലത്തെ നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളായ എം.എല്‍.എമാര്‍ക്ക് നഷ്ടപരിഹാരത്തുക കെട്ടിവെക്കണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍. ജയകൃഷ്ണന്റേതാണ് ഉത്തരവ്.

ബുധനാഴ്ച ജാമ്യമെടുത്ത മുന്‍ എം.എല്‍.എമാരായ കെ. അജിത്, കുഞ്ഞ്മുഹമ്മദ്, സി.കെ. സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് 35,000 രൂപ വീതം കോടതിയില്‍ കെട്ടിവെച്ചത്.

മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍ എന്നിവര്‍ ജാമ്യത്തിനായി കോടതിയില്‍ ഹാജരായില്ല. ഇരുവരും ഒക്ടോബര്‍ 15 ന് കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.

പൊതുമുതല്‍ നശിപ്പിച്ച് ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസായിട്ടും അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനെ കോടതി നേരത്തേ നിശിതമായി വിമര്‍ശിച്ചിരുന്നു.

കേസ് പിന്‍വലിക്കാനാവില്ലെന്നും പൊതുമുതല്‍ നഷ്ടം വേണ്ടെന്ന് വെക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം നിയമം ഉണ്ടാക്കുന്നവര്‍ തന്നെ നിയമം ലംഘിച്ചുവെന്നും ഭരണപക്ഷത്ത് വന്ന ശേഷം അതിനെ വെള്ളപൂശുകയാണെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ സന്തോഷ് പ്രതികരിച്ചിരുന്നു.

രണ്ട് ലക്ഷത്തിലേറെ തുകയുടെ നഷ്ടമാണ് അന്നത്തെ അക്രമ സംഭവത്തില്‍ കണക്കാക്കിയത്. അക്കാര്യം പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ സന്തോഷ് പറഞ്ഞു.

ജനപ്രതിനിധികള്‍ക്കെതിരായ കേസ് അനന്തമായി നീണ്ടുപോകുന്നത് അനുചിതമല്ലെന്നും കേസ് പിന്‍വലിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചിരുന്നില്ല.

മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരുള്‍പ്പടെ ആറുപേരാണ് കേസിലെ പ്രതികള്‍.

ഇതിനിടെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി.ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നായിരുന്നു ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ തടസ്സ ഹരജി നല്‍കിയിരുന്നു.

2015 ല്‍ കെ.എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയിലാണ് സഭയില്‍ കയ്യാങ്കളിയും സംഘര്‍ഷവും അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് ആറ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു എം.എല്‍.എമാരുടെ പ്രതിഷേധം. പ്രതിഷേധം കയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here