ചണ്ഡീഗഡ്: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഖേതി ബച്ചാവോ ട്രാക്ടര്‍ റാലി ഇന്ന് ഉച്ചയോടെ ഹരിയാനയില്‍ പ്രവേശിക്കും.
റാലിയുടെ പശ്ചാത്തലത്തില്‍ ഹരിയാന അതിര്‍ത്തിയില്‍ വന്‍ പൊലീസ് വിന്യാസമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കുരുക്ഷേത്ര ജില്ലയിലെ പെഹോവ സബ് ഡിവിഷനിലെ ക്യുക്കര്‍ ഗ്രാമത്തിലൂടെയാണ് രാഹുല്‍ ഹരിയാനയിലെത്തുക.
ഹരിയാനയിലെ പെഹോവയില്‍ റോഡ്‌ഷോ നടത്തുമെന്ന് രാഹുല്‍ അറിയിച്ചിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് മണിയോടെ അദ്ദേഹം കര്‍ഷകരെ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്യും. ഹരിയാനയിലെ കുരുക്ഷേത്രയില്‍ മറ്റൊരു യോഗം കൂടി രാഹുലിന്റെ നേതൃത്വത്തില്‍ നടക്കുമെന്നാണ് അറിയുന്നത്.
എന്നാല്‍ റാലിയുടെ സംഘാടകര്‍ക്ക് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അതുപാലിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നുമാണ് കുരുക്ഷേത്ര ഡെപ്യൂട്ടി കമ്മീഷണര്‍ ശരീദീപ് കൗര്‍ ബരാര്‍ പറഞ്ഞത്.
പഞ്ചാബില്‍ നിന്ന് വരുന്ന ട്രാക്ടറുകളെ നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നൂറിലധികം പേരുടെ ഒത്തുചേരല്‍ നിരോധിച്ചിരിക്കുന്നതിനാല്‍ അത് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനത്തെ ബാധിക്കുന്ന നടപടികള്‍ ഉണ്ടാവരുതെന്ന് കാണിച്ച് കുരുക്ഷേത്ര ജില്ലാ ഭരണകൂടം ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജയ്ക്ക് കത്തെഴുതിയിരുന്നു. നൂറിലേറെ പേര്‍ റാലിയില്‍ ഉണ്ടാകരുതെന്നും മാസ്‌ക്കും സാമൂഹിക അകലവും ഉറപ്പുവരുത്തണമെന്നുമാണ് ആവശ്യപ്പെട്ടത്.
ട്രാക്ടര്‍ റാലി ദല്‍ഹി-ചണ്ഡിഗഡ് ഹൈവേയിലെ ഗതാഗതത്തെ ബാധിക്കരുതെന്നും ഭരണകൂടം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം രാഹുലിന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലികളും റോഡ് ഷോകളും നടത്തുന്നതില്‍ തങ്ങള്‍ എതിരല്ലെന്നും അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പ്രശ്‌നവുമില്ലെന്നുമായിരുന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തിങ്കളാഴ്ച പറഞ്ഞത്. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഒരുകാരണവശാലും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പഞ്ചാബില്‍ നിന്ന് ഒരു വലിയ റാലിയായി ഹരിയാനയില്‍ വന്നാല്‍ അത് അനുവദിച്ചു തരില്ല. മറിച്ച് ഹരിയാനയിലെ ജനങ്ങളോടൊപ്പം യാത്ര നടത്തിയാല്‍ അദ്ദേഹത്തെ ഞങ്ങള്‍ തടയില്ല. എന്നായിരുന്നു ഖട്ടര്‍ പറഞ്ഞത്.
രാഹുലിനെ ഹരിയാനയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണല്ലോ ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ഖട്ടറിന്റെ ഈ പ്രതികരണം.
അതേസമയം പഞ്ചാബിലെ പട്യാലയില്‍ രാഹുല്‍ ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. കര്‍ഷകര്‍ക്ക് നിലവിലുള്ള സുരക്ഷ ഇല്ലാതാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമമെന്നും മോദി സര്‍ക്കാര്‍ അവതരിപ്പിച്ച നിയമങ്ങള്‍ നമ്മുടെ കര്‍ഷകര്‍ക്കെതിരായ ആക്രമണമാണെന്നും രാഹുല്‍ പറഞ്ഞു.
ജി.എസ്.ടി ഉപയോഗിച്ച് ചെറുകിട സംരംഭകരെ ഇല്ലാതാക്കിയ പോലെ മൂന്ന് ഫാം ബില്ലുകള്‍ ഉപയോഗിച്ച് കര്‍ഷകരെയും തൊഴിലാളികളെയും ഇല്ലാതാക്കുകയാണ് മോദിയെന്നും രാഹുല്‍ പറഞ്ഞു.