ജോലിക്കിടയിലെ ‘തമാശ’ ദുരന്തമായി; ദുബൈയില്‍ യുവാവ് കോമയില്‍, സുഹൃത്ത് ജയിലിലും

0
527

ദുബൈ: ജോലിയുടെ ഇടവേളയില്‍ സുഹൃത്ത് നടത്തിയ നേരമ്പോക്ക് ഒടുവില്‍ ദുരന്തമായി. ‘കളി കാര്യമായപ്പോള്‍’ ദുബൈയില്‍ രണ്ട് യുവാക്കളില്‍ ഒരാള്‍ കോമയിലും മറ്റൊരാള്‍ ജയിലിലും. 

ദുബൈയില്‍ ഒരു കാര്‍ വാഷ് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്ന രണ്ട് സുഹൃത്തുക്കളിലൊരാള്‍ തമാശയ്ക്ക് വേണ്ടി ചെയ്ത കാര്യമാണ് പിന്നീട് വലിയ അപകടത്തില്‍ എത്തിച്ചത്. വാഹനങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ബ്ലോ ഗണ്‍ എയര്‍ കമ്പ്രസ്സര്‍ സുഹൃത്തുക്കളിലൊരാള്‍ മറ്റൊരാളുടെ ചെവിയിലേക്ക് വെച്ചു. പല തവണ യുവാവ് തടയാന്‍ ശ്രമിച്ചെങ്കിലും സുഹൃത്ത് ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതിനിടെ പെട്ടെന്ന് പുറന്തള്ളിയ വായുവിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ യുവാവ് ബോധരഹിതനായി വീഴുകയായിരുന്നു.

പെട്ടെന്നുണ്ടായ അപകടത്തില്‍ ഭയന്ന സുഹൃത്ത് ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപകടത്തില്‍പ്പെട്ട യുവാവിന് ഇനിയൊരിക്കലും കേള്‍വി ശക്തി തിരികെ കിട്ടില്ലെന്നും ഇയാള്‍ കോമയിലായെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അപകടത്തെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം ആരംഭിച്ചിരുന്നു. താന്‍ നേരമ്പോക്കിന് വേണ്ടി ചെയ്ത തമാശ സുഹൃത്തിന്റെ ജീവിതമാണ് തകര്‍ത്തതെന്ന് മനസ്സിലാക്കിയ യുവാവ് കുറ്റം സമ്മതിച്ചു. ഇയാളെ കോടതി ജയില്‍ശിക്ഷയ്ക്ക് വിധിച്ചതായി പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here