ന്യൂഡൽഹി∙ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കി. കേരളത്തിന്റെ നിർദേശം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണുണ്ടായിരുന്നത്. കേരളത്തിന് പുറമേ തമിഴ്നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ഇലക്ഷൻ ഓഫിസർമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറം മീണ പറഞ്ഞു. എല്ലാവരും പ്രതീക്ഷിച്ച തീരുമാനമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റേത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോമസ് ചാണ്ടിയുടെ മരണത്തെതുടര്‍ന്നുള്ള കുട്ടനാട് ഉപതിരഞ്ഞെടുപ്പിനെ സ്ഥാനാര്‍ഥി നിര്‍ണയം നടക്കുന്നതിനിടെയിലാണ് കോവിഡ് എത്തിയത്. ചവറയില്‍ വിജയന്‍പിള്ളയുടെ വേര്‍പാടും കോവിഡ് എത്തുന്നതിന് മുന്‍പായിരുന്നു. 2021 മേയ് 25നാണു പിണറായി സർക്കാരിന്റെ കാലാവധി തീരുക.