ഇസ്‌ലാമാബാദ് (www.mediavisionnews.in): ഇടക്കിടെ വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുവോളം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാനാകില്ലെന്ന പുതിയ പ്രസ്താവനയുമായിട്ടാണ് അഫ്രീദി ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്.
‘ഇന്ത്യയുമായി ക്രിക്കറ്റ് ബന്ധങ്ങൾ പുനഃരാരംഭിക്കാൻ പാകിസ്താൻ സർക്കാർ എന്നും തയാറാണ്. പക്ഷേ, ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണം തുടരുവോളം അതിനുള്ള സാധ്യത കാണുന്നില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ഇന്ത്യ–പാകിസ്താൻ ക്രിക്കറ്റ് ബന്ധത്തിൽ പുരോഗതിയുണ്ടാകില്ല’- അഫ്രീദി അഭിപ്രായപ്പെട്ടതായി അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിലെ വിള്ളൽ മൂലം ലോകത്തിലെ ഏറ്റവും പണക്കിലുക്കമുള്ള ഇന്ത്യൻ പ്രീമിയർ ലീഗിെൻറ (ഐ.പി.എൽ) ഭാഗമാകാൻ പാക് താരങ്ങൾക്ക് അവസരമില്ലാത്തത് കനത്ത നഷ്ടമാണെന്നും അഫ്രീദി ചൂണ്ടിക്കാട്ടി.