ലഖ്നൗ: തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ കോടികളുടെ കണക്ക് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഒരു പതിനാറുകാരി. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്ന് അറിയാൻ ബാങ്കിൽ എത്തിയപ്പോഴാണ് 9.99 കോടി രൂപ അക്കൗണ്ടിൽ ഉണ്ടെന്ന കാര്യം പെൺകുട്ടി അറിഞ്ഞത്. എന്നാൽ, ഇത്രയും തുക തനിക്ക് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്ന് കാണിച്ച് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
സരോജ് എന്ന് പതിനാറുകാരിയാണ് തന്റെ അക്കൗണ്ടിലേക്ക് എത്തിയ പണം കണ്ട് അന്തംവിട്ട് പോയത്. തിങ്കളാഴ്ച അലഹബാദ് ബാങ്കിൽ എത്തിയപ്പോഴാണ് തന്റെ അക്കൗണ്ടിലേക്ക് ഇത്രയും വലിയ തുക വന്ന കാര്യം സരോജ് അറിഞ്ഞത്. 2018ലായിരുന്നു സരോജ് ഈ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചത്. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഈ ബാങ്ക്.
അതേസമയം, രണ്ടുവർഷം മുമ്പ് നീലേഷ് കുമാർ എന്നയാൾ ഫോണിൽ വിളിച്ച് തന്നോട് ഫോട്ടോയും ആധാർ കാർഡും അയച്ചുതരാൻ ആവശ്യപ്പെട്ടിരുന്നെന്ന് സരോജ് പറഞ്ഞു. പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭിക്കുന്നതിന് ആയിരുന്നു വിശദാംശങ്ങൾ ആവശ്യപ്പെട്ടതെന്നും സരോജ് പറഞ്ഞു. നീലേഷിന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആണെന്നും പെൺകുട്ടി പറഞ്ഞു. അതേസമയം, നിരവധി തവണ പെൺകുട്ടി 10000 രൂപയും 20000 രൂപയും ബാങ്കിൽ നിക്ഷേപിച്ചതായും ബാങ്ക് മാനേജർ പറഞ്ഞു.
പെൺകുട്ടിയുടെ അക്കൗണ്ടിലേക്ക് പത്തുകോടി രൂപ വന്നത് സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്നും സംഭവത്തിൽ നടപടിയെടുക്കുമെന്നും ബൻസ്ദി പൊലീസ് സ്റ്റേഷൻ ഇൻചാർജ് രാജേഷ് കുമാർ സിംഗ് പറഞ്ഞു.