കൊച്ചി: തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനമായ 12കോടി സ്വന്തമാക്കിയ 24കാരന്‍ അനന്തുവിന് ലോട്ടറി ഫലം പുറത്തുവന്നതോടെ ഉറക്കമില്ലാത്ത രാത്രികളാണ്. ദിവസവും തിരക്കി നിരവധി ആളുകളും നിലയ്ക്കാതെ ഫോണ്‍ കോളുകളും എത്തുന്നതോടെ തന്നെ ആരെങ്കിലും അപായപ്പെടുത്തുമോയെന്ന പേടിയിലാണ് അനന്തു.
കൊച്ചി നഗരത്തില്‍ തന്നെ തേടിയിറങ്ങുന്നവരുടെ മുന്നില്‍പ്പെടാതെയാണ് ഒടുവില്‍ അനന്തു ഇടുക്കിയിലെ തന്റെ വീട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ കൂട്ടുകാര്‍ എത്തിച്ച കാറിലാണ് അനന്തു വീട്ടിലേക്ക് തിരിച്ചത്. കൊച്ചിയില്‍ തനിച്ച് കഴിയുന്നതില്‍ പേടിയുണ്ടെന്ന് ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് ഇടുക്കിയിലെ കൂട്ടുകാര്‍ രാവിലെ കാറുമായി കൊച്ചിയിലെത്തിയത്.
ബംബറടിച്ചുവെന്ന വാര്‍ത്ത എത്തിയതോടെ നിരവധി പേരാണ് തന്നെ അന്വേഷിച്ചതെന്നും എന്നാല്‍ എവിടെയാണ് താന്‍ നിലവില്‍ നില്ക്കുന്നതെന്ന് പുറത്തുവിട്ടിരുന്നില്ല. അനന്തു കടവന്ത്ര പൊന്നേത്ത് ഭഗവതി ക്ഷേത്രത്തിലെ അക്കൗണ്ടന്റാണെന്ന് അറിഞ്ഞതോടെ ഇവിടേക്കും അനന്തുവിനെ തേടി ആളുകള്‍ എത്തിയിരുന്നു.
എന്നാല്‍ ക്ഷേത്ര വളപ്പിലെ മുറിയിലാണ് അനന്തു തങ്ങുന്നതെന്ന വിവരം ക്ഷേത്രം ജീവനക്കാര്‍ വെളിപ്പെടുത്തിയില്ല. ഇതിനിടെ ഞായറാഴ്ച വൈകീട്ട് ക്ഷേത്രത്തിനടുത്തുള്ള ഫെഡറല്‍ ബാങ്ക് ശാഖയില്‍ ടിക്കറ്റ് കൈമാറുകയും ചെയ്തു.
ലോട്ടറി അടിച്ച വിവരം മാതാപിതാക്കളെയും അടുപ്പമുള്ള കൂട്ടുകാരോടും ക്ഷേത്ര ഭാരവാഹികളെയും ജീവനക്കാരെയും അറിയിച്ചിരുന്നു.
വിവരം രഹസ്യമായി വെക്കണമെന്ന് അനന്തു പ്രത്യേകം എല്ലാവര്‍ക്കും നിര്‍ദേശം നല്കിയിരുന്നു. അനന്തുവിന്റെ ഉള്ളിന്റെയുള്ളില്‍ ഭയം നിറഞ്ഞു. രാത്രി ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും തനിക്ക് അധിക സമയം ഉറങ്ങാനായില്ലെന്ന് അനന്തു പറഞ്ഞു. ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന ഭയത്തിലായിരുന്നു അനന്തുവെന്ന് ക്ഷേത്രത്തിലെ സഹ ജീവനക്കാര്‍ പറഞ്ഞു.
രണ്ട് വര്ഷത്തോളമായി അനന്തു പൊന്നേത്ത് ക്ഷേത്രത്തിലുണ്ട്. പഠനത്തിനു മുമ്പും രണ്ട് കൊല്ലത്തോളം ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നു. പുളിയന്മല ക്രൈസ്റ്റ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പുളിയന്മലയിലെ ഒരു കടയിലും അനന്തു ജോലി ചെയ്തിട്ടുണ്ട്. സഹോദരിയുടെ വിവാഹം നടത്തണം, ശുദ്ധജലം കിട്ടുന്ന നല്ലൊരു പ്രദേശത്ത് വീടുവയ്ക്കണമെന്നതുമാണ് തന്റെ ആഗ്രഹമെന്ന് അനന്തു പറഞ്ഞു.