പാലക്കാട്: കുളപ്പറമ്പ് സ്വദേശി കൂത്തുപറമ്പൻ ഉമ്മറിന്‍റെ ഫാമിലി സ്റ്റോറില്‍ മാസങ്ങൾക്ക് മുമ്പ് ഒരു മോഷണം നടന്നിരുന്നു. ഓടുപൊളിച്ച് അകത്തു കടന്ന് ഈന്തപ്പഴം, തേന്‍, ചോക്ലേറ്റ്, ജ്യൂസ് എന്നിവയൊക്കെയാണ് കള്ളൻ കൊണ്ടു പോയത്. പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും ആരെയും പിടികൂടാനായില്ല. മാർച്ചിൽ നടന്ന സംഭവം ഉമ്മർ തന്നെ മറന്നു തുടങ്ങിയപ്പോഴാണ് കഴിഞ്ഞ ദിവസം കടയ്ക്ക് മുന്നിൽ ഒരു അപ്രതീക്ഷിത ‘സമ്മാനം’ കാണുന്നത്.
5000 രൂപ അടങ്ങിയ ഒരു ചെറിയ പൊതിയും ഒരു കത്തുമായിരുന്നു കടയ്ക്ക് മുന്നിലുണ്ടായിരുന്നത്. അന്ന് മോഷ്ടിക്കപ്പെട്ട സാധനങ്ങളുടെ വിലയ്ക്കു തുല്യമായ തുകയായിരുന്നു ഇത്. ഒപ്പം മാപ്പപേക്ഷിച്ചു കൊണ്ടുള്ള കത്തും.’കാക്കാ, ഞാനും എന്‍റെ കൂട്ടുകാരനും ഒരു ദിവസം രാത്രി നിങ്ങളുടെ കടയിൽ നിന്നു കുറച്ചു സാധനങ്ങൾ, അപ്പോഴത്തെ ബുദ്ധിമോശം കൊണ്ടു മോഷ്ടിച്ചിരുന്നു. നേരിൽ കണ്ടു പൊരുത്തപ്പെടീക്കണമെന്നുണ്ട്. പക്ഷേ, പേടിയുള്ളതിനാൽ ഈ രീതി സ്വീകരിക്കുന്നു. ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം. പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുത്.. പ്രായത്തിൽ നിങ്ങളുടെ ഒരനിയൻ’ എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്.
ഏതായാലും ‘അനിയന്‍റെ മാപ്പപേക്ഷ ഉമ്മറ് ‘കാക്കാ’യ്ക്ക് സ്വീകരിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. പടച്ചവന്‍റെ അടുക്കലേക്ക് വയ്ക്കാതെ ആ ബുദ്ധിമോശത്തോട് പൊരുത്തപ്പെട്ട് കൊടുക്കുകയും ചെയ്തു. വിശപ്പു കൊണ്ടാകാം ഭക്ഷണസാധനങ്ങൾ കൊണ്ടു പോയതെന്നാണ് ഉമ്മർ കരുതുന്നത്. അതുകൊണ്ട് തന്നെ പൊരുത്തപ്പെട്ട് കൊടുക്കണമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.