കാസര്‍കോട്: ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ അസഹനീയ വേദനയും നില വഷളാവുകയും ചെയ്ത അതിഥി തൊഴിലാളിയുടെ ഭാര്യയ്ക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം. 108 ആംബുലന്‍സും ജീവനക്കാരുമാണ് തുണയായത്. ഉത്തര്‍പ്രദേശ് സ്വദേശിയും പടന്നക്കാട് നിവാസിയുമായ മുഹമ്മദിന്റെ ഭാര്യ സറീന (24) ആണ് ഓട്ടോറിക്ഷക്ക് ഉള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ സറീനയുമായി ഓട്ടോറിക്ഷയില്‍ സ്വകാര്യ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍ സ്ഥലം എത്തുമ്പോഴേക്കും സറീനയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. തുടര്‍ന്ന് ഇതുവഴി വന്ന മറ്റൊരു ഓട്ടോറിക്ഷക്ക് കൈ കാണിച്ചു ഇവര്‍ സഹായം അഭ്യര്‍ഥിച്ചു. ഈ ഓട്ടോറിക്ഷയിലെ ഡ്രൈവറായ റിയാസ് ഉടനടി കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററില്‍ 9.20നാണ് ഫോണ്‍ വിളി എത്തുന്നത്. തുടര്‍ന്ന് കാനങ്ങാട് ജില്ലാ ആശുപത്രിക്ക് കീഴില്‍ സേവനം നടത്തുന്ന കനിവ് 108 ആംബുലന്‍സിന് അത്യാഹിത സന്ദേശം കൈമാറി. ഉടന്‍ തന്നെ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ സിനി തോമസ്, പൈലറ്റ് മിഥുന്‍ എന്നിവര്‍ ശരവേഗത്തില്‍ സ്ഥലത്തെത്തി. സിനിയുടെ പരിശോധനയില്‍ സറീനയെ ഓട്ടോറിക്ഷയില്‍ നിന്ന് ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയാത്ത സഹചര്യമാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷക്ക് ഉള്ളില്‍ തന്നെ പ്രസവം എടുക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു.
9.45 ന് ഓട്ടോറിക്ഷക്ക് ഉള്ളില്‍ സിനിയുടെ വൈദ്യസഹായത്തില്‍ സറീന ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സിലേക്ക് മാറ്റുകയും തുടര്‍ന്ന് കാനങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതരും അറിയിച്ചു.