ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാൻ സാധിക്കുന്നില്ലെന്ന് കാട്ടി പ്രധാനമന്ത്രിക്ക് പരാതി നൽകിയ പെൺകുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു: അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശികൾ

0
149

തിരുവനന്തപുരം: ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാൻ സാധിക്കുന്നില്ലെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയ എട്ടാം ക്ളാസുകാരിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പേട്ടയിൽ വച്ച് ഒരു യുവാവിനെ കാറുകൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിന്മേലാണ് പതിമൂന്നുകാരിയുടെ മാതാപിതാക്കളായ സുജിത് കൃഷ്ണ, സിതാര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് മറച്ചുവയ്ക്കുന്നതിനായാണ് ദമ്പതികൾ മകളെക്കൊണ്ട് പ്രധാനമന്ത്രിക്ക് പരാതി നൽകിപ്പിച്ചതെന്നും പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും അറസ്റ്റിലാകുന്നത്.

പലിശയ്ക്ക് പണം കടം കൊടുക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയുമായി ബന്ധപ്പെട്ടുള്ള 17 കേസുകളിൽ പ്രതിയാണ് സുജിത്ത് കൃഷ്ണ. സിതാരക്കെതിരെയും കേസുള്ളതായി പൊലീസ് പറയുന്നുണ്ട്. ഏകദേശം ഒരാഴ്ച മുൻപാണ് ആനയറ വാഴവിള ആഞ്ജനേയത്തിൽ താമസിക്കുന്ന പതിമൂന്നുകാരി, തന്റെ കുടുംബത്തെ ആക്രമിക്കാൻ ശ്രമിച്ച ഗുണ്ടകൾക്ക് പൊലീസ് സംരക്ഷിക്കുന്നു എന്ന് കാണിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here