കാസര്‍കോട് (www.mediavisionnews.in): സി.പി.എം പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപ്പള്ളത്തെ പി. മുരളിയെ(35) കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ശരത് രാജ് കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി കണ്ടെത്തി. കേസിലെ മറ്റ് പ്രതികളെ കുറ്റംതെളിയിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ കോടതി വിട്ടയച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ശരത് രാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ വൈകിട്ട് പ്രഖ്യാപിക്കും.
2017 ഒക്ടോബര്‍ 17ന് വൈകിട്ട് അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. സീതാംഗോളി അപ്‌സര മില്ലിനടുത്ത് മുരളി സഞ്ചരിച്ച ഓട്ടോറിക്ഷ ശരത് രാജിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും മാരകായുധങ്ങള്‍ കൊണ്ട് അക്രമിക്കുകയുമായിരുന്നു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ മുരളിയെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ദിനേശ്, വരദരാജ്, മിഥുന്‍കുമാര്‍, നിധിന്‍രാജ്, കിരണ്‍കുമാര്‍, മഹേഷ്, അജിത്കുമാര്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവരെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്.