ജയ്പൂര്‍: മധ്യപ്രദേശില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗ്വാളിയോര്‍ രാജകുടുംബാംഗമായ ജ്യോതിരാദിത്യ സിന്ധ്യയെ മുഖമാക്കി വോട്ടുതേടാന്‍ ഒരുങ്ങുന്ന ബി.ജെ.പിയ്ക്ക് പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ തിരിച്ചടിയാകുന്നു.
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ എത്തിയ ശേഷം സിന്ധ്യയെ സംബന്ധിച്ചും ഈ തെരഞ്ഞെടുപ്പ് വെല്ലുവിളിയാണ്. എന്നാല്‍ സിന്ധ്യയുമായുള്ള ചില ബി.ജെ.പി നേതാക്കളുടെ തര്‍ക്കമാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തെ വലക്കുന്നത്.
എന്നാല്‍ ചമ്പല്‍-ഗ്വാളിയോര്‍ മേഖലയില്‍ ബി.ജെ.പിയുടെ മുഖമായി സിന്ധ്യ ഉയര്‍ന്നുവരുന്നതില്‍ പാര്‍ട്ടിക്കിടയിലെ ചില പ്രധാന നേതാക്കള്‍ക്ക് അസംതൃപ്തിയുള്ളതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും വിഷയം ഗൗരവപൂര്‍വം തന്നെയാണ് പരിഗണിക്കുന്നത്.
27 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിക്കുള്ളിലെ ഭിന്നത പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ ഉന്നതതല അവലോകന യോഗവും നടന്നിരുന്നു.
ഇതിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ വിയോജിപ്പുകള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്തം, പ്രത്യേകിച്ച് ഗ്വാളിയോര്‍-ചംമ്പര്‍ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിനാണ് പാര്‍ട്ടി നേതൃത്വം നല്‍കിയത്.
ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ അനൗദ്യോഗിക ചുമതല നിലവില്‍ സിന്ധ്യയ്ക്കാണ്. സിന്ധ്യയുടെ സ്വന്തം തട്ടകമായ ഇവിടെ സിന്ധ്യയെ മുഖമാക്കി വോട്ട് തേടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുക.
എന്നാല്‍ നേരത്തെ തന്നെ സിന്ധ്യയുടെ കുടുംബവുമായി വിയോജിപ്പുകളുള്ള മുന്‍ ബജ്റംഗ്ദള്‍ ദേശീയ കണ്‍വീനര്‍ ജയ്ഭാന്‍ സിംഗ് പവയ്യയ്ക്കും മുന്‍ രാജ്യസഭാ അംഗം പ്രഭാത് ജായ്ക്കും സിന്ധ്യയുടെ ബി.ജെ.പിയിലേക്കുള്ള വരവില്‍ താത്പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മാത്രമല്ല പ്രഭാത് ജായ്ക്ക് രാജ്യസഭാസീറ്റ് കാലാവധി നീട്ടി നല്‍കാത്തതതും അദ്ദേഹത്തിന്റെ നീരസം വര്‍ധിപ്പിച്ചു. ഇതിന്റെ ഭാഗമായി പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കളുമായും ഇദ്ദേഹം നീരസത്തിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
സംസ്ഥാനത്തെ മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന പവയ്യയും സിന്ധ്യയ്ക്കെതിരെ ചില വിഷയങ്ങളില്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിന്ധ്യ ഇദ്ദേഹത്തിന്റെ മണ്ഡലത്തില്‍ എത്തിയ സമയത്ത് വിവാദമായ ഒരു ട്വീറ്റും പവയ്യ ഇട്ടിരുന്നു.
‘പാമ്പുകള്‍ക്ക് രണ്ട് നാവുകളാണുള്ളത്, ഭാഗ്യവശാല്‍ മനുഷ്യര്‍ക്ക് ഒന്നുമാത്രമേയുള്ളൂ. നമ്മള്‍ മനുഷ്യരാണ്. കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സുഹൃത്തുക്കളും ശത്രുക്കളുമെല്ലാം മാറും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നമ്മള്‍ മുറുകെ പിടിക്കുന്ന തത്വങ്ങള്‍ക്ക് എന്നും വിലയുണ്ടാകും. അത് എന്നും മുറുകെ പിടിക്കും ‘ , എന്നായിരുന്നു പവയ്യയുടെ ട്വീറ്റ്. പവയ്യയുടെ ട്വീറ്റ് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സംസ്ഥാന മേധാവി വി.ഡി ശര്‍മ്മ, ആഭ്യന്തരമന്ത്രി ഡോ. നരോട്ടം മിശ്ര തുടങ്ങിയ നേതാക്കള്‍ പവയ്യ , ജാ ഉള്‍പ്പെടെയുള്ള ചില നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും അനുനയ ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
സിന്ധ്യയുടെയും അദ്ദേഹത്തിന്റെ വിശ്വസ്തരുടെയും ബി.ജെ.പി പ്രവേശനത്തില്‍ നിരവധി മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും അനുയായികളും തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നരോട്ടം മിശ്ര, യശോദര രാജെ സിന്ധ്യ (ജ്യോതിരാദിത്യയുടെ ബന്ധു) തുടങ്ങിയ മുതിര്‍ന്ന നേതാക്കളൊന്നും ഈ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറുമില്ല. മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന യോഗത്തില്‍ ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദയെ നേതൃത്വം ഏല്‍പ്പിച്ചിരുന്നു.
ജാതിയും മറ്റ് സമവാക്യങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള പ്രചരണമായിരിക്കണം നടത്തേണ്ടത് എന്നാണ് കേന്ദ്രനേതൃത്വം നേതാക്കളെ അറിയിച്ചിരിക്കുന്നത്.
മധ്യപ്രദേശില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളോട് തെരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളില്‍ എത്തിച്ചേരാനും പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കാനും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണക്കാരിലേക്ക് എത്തിച്ചേരാനും മുന്‍ കമല്‍നാഥ് സര്‍ക്കാരിന്റെ പരാജയങ്ങളും അഴിമതികളും ഉയര്‍ത്തിക്കാട്ടാനുമാണ് ബി.ജെ.പി ഹൈക്കമാന്‍ഡ് ഐ.ടി സെല്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന 27 സീറ്റുകളില്‍ 16 എണ്ണവും ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ്. അതേസമയം തന്നെ സ്വന്തം മണ്ഡലത്തില്‍ സിന്ധ്യയെ പരാജയപ്പെടുത്താനുള്ള എല്ലാ ശ്രമവും നടത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.