ഒടുവിൽ മെസ്സിയുടെ ‘യു-ടേൺ’? ബാർസയിൽ തുടർന്നേക്കുമെന്ന് റിപ്പോർട്ട്

0
472

മഡ്രിഡ്∙ സ്പാനിഷ് ക്ലബ് ബാർസിലോനയിൽ തുടരാനാകില്ലെന്ന കടുത്ത നിലപാടിൽനിന്ന് അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി പിൻവാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. സ്പാനിഷ് ക്ലബ്ബുമായുള്ള തർക്കം രൂക്ഷമായതോടെ താരത്തിന്റെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ ബാർസിലോനയിലേക്ക് പറന്നെത്തിയ പിതാവും ഏജന്റുമായ ജോർജി മെസ്സിയാണ് ഈ സൂചന നൽകിയത്. ബാർസിലോന അധികൃതരുമായി നടത്തിയ ചർച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് ജോർജി മെസ്സി വ്യക്തമാക്കി. അർജന്റീനയിലായിരുന്ന ജോർജി, മകനും ക്ലബ്ബും തമ്മിലുള്ള തർക്കം രൂക്ഷമായതോടെയാണ് ചർച്ചകൾക്കായി പ്രത്യേക വിമാനത്തിൽ പറന്നെത്തിയത്.

ജോർജി മെസ്സിയും ബാർസിലോന പ്രസിഡന്റ് ജോസപ് ബർതോമ്യൂവുമായുള്ള ആദ്യ ഘട്ട ചർച്ചകൾ ഫലം കണ്ടില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, തുടർന്ന് നടത്തിയ ചർച്ചകളിലാണ് പരിഹാര ഫോർമുല രൂപപ്പെട്ടത്. ഇതനുസരിച്ച് മെസ്സിയുമായുള്ള കരാർ രണ്ടു വർഷത്തേക്ക് പുതുക്കാൻ ബാർസിലോന താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. ഇതിന് മെസ്സിയും സമ്മതം മൂളിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബാർസിലോനയുമായുള്ള സഹകരണം പൂർണമായും ഉപേക്ഷിച്ച് മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബാർസയുമായുള്ള തർക്കം അവസാനിച്ചതായി അഭ്യൂഹം പ്രചരിക്കുന്നത്. യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ ബയൺ മ്യൂണിക്കിനോട് പിണഞ്ഞ കൂറ്റൻ തോൽവിക്കു പിന്നാലെയാണ് ടീം വിടാൻ മെസ്സി തീരുമാനിച്ചത്. മെസ്സിയെ പോകാൻ അനുവദിക്കില്ലെന്ന് ബാർസയും നിലപാടെടുത്തു.

ഇരുകൂട്ടരും തമ്മിലുള്ള തർക്കം കോടതി കയറിയേക്കുമെന്ന സൂചനകൾക്കിടെയാണ് ചർച്ചകൾക്കായി ജോർജി മെസ്സി എത്തിയത്. ഇതിനിടെ ബാർസിലോന പുതിയ സീസണിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധന മെസ്സി ബഹിഷ്കരിച്ചിരുന്നു. ടീം പരിശീലനം പുനരാരംഭിച്ചെങ്കിലും അപ്പോഴും മെസ്സി വിട്ടുനിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here