ലഖ്‌നൗ: കഴഞ്ഞ ദിവസമാണ് സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് ഒഴിവാക്കി നാട്ടിലേക്ക് വന്നത്. എന്തുകൊണ്ടാണ് റെയ്‌ന ക്യാംപ് വിട്ടതെന്ന വ്യക്തമായ കാരണം അറിവില്ലായിരുന്നു. പത്താന്‍കോട്ടില്‍ തന്റെ അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കവര്‍ച്ചസംഘത്തിന്റെ ആക്രമണത്തിന് ഇരയായതാണ് ക്യാംപ് വിടാനുണ്ടായ സാഹചര്യമെന്നാണ് പരക്കെയുള്ള വിശ്വാസം. അക്രമണത്തില്‍ അമ്മാവന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ചെന്നൈ ക്യാംപില്‍ കൊവിഡ് സുരക്ഷ സൗകര്യങ്ങള്‍ കാര്യക്ഷമമല്ലെന്നും ഇതിനെ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസമാണ് റെയ്‌ന ക്യാംപ് വിടാനുണ്ടായ സാഹചര്യമുണ്ടാക്കിയതെന്നും വാര്‍ത്തകള്‍ വന്നു.
രണ്ടോ മൂന്നോ ദിവസത്തെ വിവാദ വാര്‍ത്തകള്‍ക്ക് ശേഷം ആദ്യമായി പ്രതികരിക്കുകയാണ് റെയ്‌ന. ട്വിറ്ററിലാണ് മുന്‍ ഇന്ത്യന്‍ താരം കാര്യങ്ങള്‍ കുറച്ചൂകൂടെ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ… ”തന്റെ കുടുംബത്തിന് സംഭവിച്ചത് ഭീതിപ്പെടുത്തുന്നതാണ്. അക്രമണത്തില്‍ എന്റെ അമ്മാവനെ എനിക്ക് നഷ്ടമായി. ആക്രമണത്തിനിരയായ മറ്റൊരു ബന്ധുവിനും നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടമായി. അമ്മായി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.” റെയ്‌ന കുറിച്ചിട്ടു.
ഈ ട്വീറ്റിന് മുമ്പ് മറ്റൊന്നുകൂടി റെയ്‌ന കുറിച്ചിടുകയുണ്ടായി. അതിങ്ങനെയായിരുന്നു… ”ആ ദിവസം രാത്രിയില്‍ എന്താണ് അവര്‍ക്ക് സംഭവിച്ചതെന്ന് എനിക്കിപ്പോഴും അറിയില്ല. സംഭവം ഗൗരവമായി എടുക്കണമെന്ന് ഞാന്‍ പഞ്ചാബ് പൊലീസിനോട് അഭ്യര്‍ത്ഥിക്കുകയാണ്. ആരാണ് ഇത്തരമൊരു ഹീനമായ ആക്രമണം നടത്തിയതെന്നെങ്കിലും അറിയേണ്ടതുണ്ട്. ഇത്തരം കുറ്റവാളികള്‍ ഒരിക്കലും ഇനിയൊരിക്കല്‍ കൂടി ഇത്തരത്തില്‍ ചെയ്യാന്‍ പാടില്ല.” റെയ്‌ന പറഞ്ഞുനിര്‍ത്തി.
എന്നാല്‍ ഇക്കാരണം കൊണ്ടാണ് റെയ്‌ന ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. സിഎസ്‌കെ ഉടമസ്ഥന്‍ എന്‍ ശ്രീനിവാസന്‍ കടുത്ത ഭാഷയിലാണ് റെയ്‌നയുടെ പിന്മാറ്റത്തെ വിമര്‍ശിച്ചത്. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പിന്നീട് അദ്ദേഹം പറയുകയുണ്ടായി.
അതേ സമയം റെയ്‌നയുടെ ട്വീറ്റിന് താഴെ അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.