രാജ്യത്ത് അൺലോക്ക് നാലാം ഘട്ടം ഇന്ന് മുതൽ നിലവിൽ വരും. ഈ മാസം 7 മുതൽ മെട്രോ റെയില് സർവീസുകൾ പുനരാരംഭിക്കും. പ്രത്യേക കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം സർവ്വീസുകൾ നടത്താൻ. സെപ്റ്റംബർ 21 മുതൽ രാഷ്ട്രീയ, മത, സാംസ്കാരിക, കായിക കൂട്ടായ്മകൾക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പരമാവധി 100 പേരെ മാത്രമേ പങ്കെടുക്കാൻഅനുവദിക്കൂ. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവർക്ക് തെർമൽ പരിശോധന നിർബന്ധം. ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോഗിക്കണം. കണ്ടെയിൻമെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അൺലോക്ക് നാലിൽ വിലക്കുണ്ട്. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകൂ.
ഓപ്പൺ എയർ തിയേറ്ററുകൾ 21 മുതൽ തുറക്കാം. സിനിമാ തീയേറ്ററുകളും സ്വിമ്മിംഗ് പൂളുകളും അടഞ്ഞു കിടക്കും. അതേസമയം സ്കൂളുകളും കോളേജുകളും അടച്ചിടൽ നടപടി സെപ്തംബർ മുപ്പത് വരെ നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ളാസ് നടത്താൻ 50 ശതമാനം അധ്യാപകരെ വരാൻ അനുവദിക്കും. 9 മുതൽ 12 വരെ ക്ളാസിലുള്ളവർക്ക് അദ്ധ്യാപകരുടെ സഹായം തേടാൻ പുറത്തു പോകാം
ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകൾ, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കാൻ അനുമതി. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജി-ഗവേഷക വിദ്യാത്ഥികൾക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നൽകാൻ.
സംസ്ഥാനങ്ങൾക്ക് അകത്തെ യാത്രകൾക്കും സംസ്ഥാനന്തര യാത്രകൾക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും. ഇത്തരം യാത്രകൾക്കായി പ്രത്യേക പെർമിറ്റ് ഏർപ്പെടുത്താൻ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. അതേസമയം 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവർക്കുമുള്ള യാത്രാവിലക്ക് തുടരും.
അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നും പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെത്തുമെന്നാണ് സൂചന.