മഞ്ചേശ്വരം: (www.mediavisionnews.in) ആൾക്കൂട്ടത്തിന്റെ അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തു. മീയ്യപദവ് ബേരിക്ക കെദംകോട്ടിലെ എം.ശിവപ്രസാദ്, സഹോദരൻ എം.ഉമേശ് (34), ബജംങ്കളയിലെ എം.നന്ദേഷ് (24), കൊദുംകോട്ടിലെ കെ.ജനാർദനൻ (49) എന്നിവരെയാണ് സിഐ ഇ.അനുപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ് പറഞ്ഞു. ആക്രമണത്തിനായി ഉപയോഗിച്ച ആയുധങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തു.
കെദംകോട്ടയിലെ കൃപാകര (അണ്ണു 27) ആണ് ആൾക്കൂട്ടത്തിന്റെ അടിയേറ്റ് 26നു രാത്രി മരിച്ചത്. അയൽ വീടുകളിലെത്തി പരാക്രമം കാട്ടിയപ്പോഴായിരുന്നു ആൾക്കൂട്ടം അക്രമാസക്തമായതെന്നു നാട്ടുകാർ പറയുന്നു. രക്തം വാർന്നു വീണു കിടന്ന യുവാവിനെ നാട്ടുകാർ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
അറസ്റ്റിലായ എം.ഉമേശിനു പുറമേ ജിതേഷിനും കൊലപ്പെട്ട യുവാവിന്റെ അക്രമത്തിൽ പരുക്കേറ്റിരുന്നു. തലക്കടിയേറ്റതിനെ തുടർന്നു രക്തം വാർന്നാണ് യുവാവ് മരിച്ചത്. കത്രികയുമായി വീട്ടിൽ നിന്നിറങ്ങിയ കൃപാകര കഞ്ചാവ് ലഹരിയാണ് അക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. കൃപാകരയ്ക്കു തലയ്ക്കും ശരീരമാസകലവും 25ലേറെ മുറിവുകളുണ്ടായിരുന്നു.