കാസർകോട്: (www.mediavisionnews.in) അഞ്ചേക്കർ സ്ഥലത്ത് 51,200 ചതുരശ്ര അടി വിസ്തീർണത്തിൽ സംസ്ഥാനത്തെ ആദ്യ കോവിഡ് പ്രത്യേക ആശുപത്രിയുടെ നിർമാണം പൂർത്തിയായി. ടാറ്റ ഗ്രൂപ്പ് നിർമിച്ച ആശുപത്രി ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന സർക്കാരിന് കൈമാറും. നിർമാണം പൂർത്തിയായതായി ടാറ്റ ഗ്രൂപ്പ് അധികൃതർ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ആശുപത്രി പരിശോധിക്കാൻ എഡിഎം, മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവരടങ്ങിയ സമിതിയെ കലക്ടർ നിയോഗിച്ചു.
കൈമാറിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. അതിനു ശേഷം കോവിഡ‍് രോഗികളെ പാർപ്പിക്കാൻ തുടങ്ങും. കോവിഡ് പ്രത്യേക ആശുപത്രി ഒരുക്കങ്ങൾ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ആശുപത്രിയിൽ 541 കിടക്കകളാണുള്ളത്. ക്വാറന്റീനിൽ കഴിയുന്നവർക്ക് 5 കിടക്കകളും രോഗികൾക്ക് 3 കിടക്കകളും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കായി 1 കിടക്കയും വീതമുള്ള യൂണിറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
40 അടി നീളവും 10 അടി വീതവുമുള്ളതാണ് ഒരു യൂണിറ്റ്. എസി, ഫാൻ സൗകര്യങ്ങളുണ്ട്. സ്ഥലം നിരപ്പല്ലാത്തതിനാൽ അടുത്തടുത്ത് 3 മേഖലകളാക്കി തിരിച്ചാണ് യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. 3 മേഖലകളെയും ബന്ധിപ്പിച്ച് മെക്കാഡം റോഡും യൂണിറ്റുകളെ ബന്ധിപ്പിച്ച് പ്രത്യേക ഇടനാഴികളുമുണ്ട്. കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണം വർധിച്ചപ്പോഴാണ്, ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ആശുപത്രി സംസ്ഥാന സർക്കാർ ജില്ലയ്ക്ക് അനുവദിച്ചത്. 60 കോടി രൂപയാണ് ആശുപത്രിക്കായി ടാറ്റ ഗ്രൂപ്പ് ചെലവഴിച്ചത്.