‘അന്ന് കൊവിഡ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു’; കൊവിഡ് ബാധിച്ച് മരണപ്പെട്ട എം.പി വസന്തകുമാറിന്റെ വീഡിയോ ചര്‍ച്ചയാകുന്നു

0
560

ന്യൂദല്‍ഹി (www.mediavisionnews.in) : കൊവിഡ് ബാധിച്ച് വെള്ളിയാഴ്ച അന്തരിച്ച കന്യാകുമാരിയില്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായി എച്ച് വസന്തകുമാര്‍ അവസാനമായി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

കൊവിഡ് രാജ്യത്ത് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയ സമയത്ത് മാര്‍ച്ചില്‍ നടന്ന പാര്‍ലമെന്റ് സമ്മേളത്തിലായിരുന്നു കൊവിഡുമായി ബന്ധപ്പെട്ട് അദ്ദേഹം സുപ്രധാനമായ ചില കാര്യങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ സംസാരിക്കുന്നത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ സ്പീക്കര്‍ അന്ന് അദ്ദേഹത്തിന്റെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.

കൊവിഡ് -19 മഹാമാരി എത്രത്തോളം ഗുരുതരമായ അവസ്ഥയാണെന്നായിരുന്നു അദ്ദേഹം പ്രസംഗത്തിലൂടെ തുറന്നുകാട്ടാന്‍ ശ്രമിച്ചത്. പ്രതിന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങളും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനിടെ പറഞ്ഞ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ സ്പീക്കര്‍ ഇദ്ദേഹത്തിന്റെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.

വസന്തകുമാറിന്റെ പ്രസംഗം ഇങ്ങനെയായിരുന്നു..’ സ്പീക്കര്‍ സര്‍, കൊറോണ വൈറസ് രാജ്യത്തെയാകെ ബാധിച്ച പശ്ചാത്തലത്തില്‍ ഇതൊരു ദേശീയ ദുരന്തമായി നമ്മള്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. ആളുകളുടെ വരുമാനം പൂര്‍ണമായും നിലയ്ക്കുന്നത് തീര്‍ച്ചയായും വായ്പാ തിരിച്ചടവുകളെ ബാധിക്കും. ചെറുകിട വ്യവസായികളുടെയും വ്യക്തികളുടെയും വായ്പ തിരിച്ചടവിന് മൂന്ന് മാസത്തേക്കെങ്കിലും ഇളവ് അനുവദിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്.

നിലവിലെ സാഹചര്യം നിത്യവരുമാനക്കാരേയും കൂലിപ്പണിക്കാരെയും വളരെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കുടുംബത്തിന് കുറഞ്ഞത് 2000 രൂപയുടെ ധനസഹായമെങ്കിലും സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. ഇത് ഒരു അഭ്യര്‍ത്ഥനയായി സര്‍ക്കാരിന് മുന്‍പില്‍ വെക്കുകയാണ്.’ , എന്നായിരുന്നു വസന്തകുമാര്‍ പറഞ്ഞത്.

എന്നാല്‍ ഇത്രയും സംസാരിച്ചപ്പോഴേക്കും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള മറ്റൊരു നിയമസഭാംഗത്തോട് സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒരു മിനുട്ട് സമയം കൂടി സ്പീക്കര്‍ തനിക്ക് നല്‍കണമെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചരക്ക് സേവന നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇദ്ദേഹം പറയുമ്പോഴേക്കും ഓം ബിര്‍ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സൗഗാത റോയിയോട് സംസാരിക്കാന്‍ പറയുകയും താങ്കളുടെ മൈക്ക് ഓഫ് ചെയ്‌തെന്നും വസന്തകുമാറിനോട് പറയുകയായിരുന്നു.

വസന്തകുമാറിന്റെ മരണശേഷമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്. 70 വയസായിരുന്നു.. കോണ്‍ഗ്രസ് തമിഴ്നാട് ഘടകത്തിന്റെ വര്‍ക്കിംഗ് പ്രസിഡണ്ടായ വസന്ത് കുമാര്‍, വസന്ത് ആന്റ് കോ എന്ന വ്യാപാരശൃംഖലയുടെ സ്ഥാപകനാണ്.

ആഗസ്റ്റ് 10 നാണ് കൊവിഡ് ലക്ഷണങ്ങളോടെ വസന്ത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ വന്‍ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.

നംഗുനേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് മുമ്പ് രണ്ടുതവണ എം.എല്‍.എയായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വസന്തകുമാറിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here