പരസ്യത്തിലും പ്രചാരണത്തിലും കുരുക്ക്; ഫേസ്ബുക്ക് വിവാദത്തിൽ തടിയൂരാൻ ബിജെപി

0
162

ദില്ലി: ഫേസ്ബുക്കില്‍ രാഷ്ട്രീയ പ്രചാരണത്തിന് ഏറ്റവുമധികം തുക  ചെലവഴിച്ചത് ബിജെപിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. 2019 ഫെബ്രുവരി മുതല്‍ ഈ മാസം 24 വരെ ഫേസ്ബുക്കിലൂടെയുള്ള പരസ്യത്തിനായി ബിജെപി 4.91 കോടി രൂപ ചെലവഴിച്ചെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. 

മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി എന്ന പേജിനായി 1.39 കോടി രൂപയും, ഭാരത് കേ മന്‍ കി ബാത്ത് എന്ന പേജിന് 2.24 കോടി , നേഷന്‍ വിത്ത് നമോ എന്ന പേജിനായി 1.28 കോടി എന്നിങ്ങനെ പോകുന്നു കണക്ക്. ഇക്കാലയളവില്‍ കോണ്‍ഗ്രസ് 1.84 കോടിയും, ആംആദ്മി പാര്‍ട്ടി 69 ലക്ഷം രൂപയും ചെലവാക്കിയിട്ടുണ്ട്.  അതിനിടെ, ഫേസ്ബുക്ക് വിവാദത്തിൽ ബിജെപി  നിലപാട് തിരുത്തി.ഫേസ്ബുക്ക് അധികൃതരെ പാര്‍ലമെന്‍ററി ഐടി സമിതിക്ക് മുന്‍പാകെ വിളിച്ചുവരുത്തുന്നതിനെ എതിര്‍ക്കില്ലെന്നാണ് ബിജെപി ഇപ്പോൾ പറയുന്നത്. 

വിദ്വേഷ പ്രചാരണത്തിന് ബിജെപിക്കും ആര്‍എസ്എസിനും കളമൊരുക്കിയെന്ന ആക്ഷേപത്തില്‍ സെപ്തംബർ രണ്ടിന് ഐടി സമിതിക്ക് മുമ്പിൽ ഹാജരാകാനാണ് ഫേസ്ബുക്ക് അധികൃതര്‍ക്കുള്ള നിര്‍ദ്ദേശം. ബിജെപിക്ക് ഭൂരിപക്ഷമുള്ള സമിതിയില്‍  കൂടിയാലോചന നടത്താതെ  ഐടി സമിതി തലവന്‍ ശശി തരൂര്‍ എംപി  എടുത്ത തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി അംഗങ്ങളായ നിഷികാന്ത് ദുബേയും  രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും രംഗത്തെത്തിയിരുന്നു. തരൂരിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസും നല്‍കി. എന്നാല്‍ ബിജെപി എംപിമാരുടെ നിലപാട്  നിയമപരമായി നിലനില്‍ക്കില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പാർലമെൻറ് ചട്ടം 270 അനുസരിച്ച് സാക്ഷികളെ വിളിച്ചുവരുത്താനുള്ള പൂര്‍ണ്ണ അധികാരം സമിതി തലവനുണ്ട്. സാക്ഷികള്‍ അപ്രസക്തരെങ്കില്‍ അക്കാര്യം ചെയര്‍മാന്‍ മുഖേനെ അംഗങ്ങള്‍ക്ക് സ്പീക്കറെ അറിയിക്കാം. സ്പീക്കറുടേതാണ് അന്തിമ തീരുമാനം. 

ഈ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ പിന്മാറ്റമെന്നാണ് സൂചന. ജമ്മുകശ്മീർ വിഷയം സമിതി  അജണ്ടയിൽ നിന്ന് ഒഴിവാക്കിയാൽ തീരുമാനം അംഗീകരിക്കാമെന്നാണ് ബിജെപിയുടെ ഉപാധി.  ദില്ലി നിയമസഭ സമിതി നോട്ടീസ് നല്‍കിയെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സിറ്റിംഗില്‍ ഫേസ്ബുക്ക് അധികൃതര്‍ ഹാജരായിരുന്നില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here