വെല്ലിംഗ്ടണ്‍: നാല് ദിവസം നീണ്ട വിചാരണയ്‌ക്കൊടുവില്‍ ന്യൂസിലന്റ് പള്ളി ആക്രമണകേസില്‍ വിധി പ്രഖ്യാപിച്ചു. 51 പേരേ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രെന്റണ്‍ ടറന്റിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
മനുഷ്യരഹിതം എന്നാണ് വിധി പ്രഖ്യാപിച്ച ജഡ്ജി കാമറൂണ്‍ മാന്റര്‍ പറഞ്ഞത്.
‘ഇത്തരം നീചമായ കൃത്യങ്ങളെ പ്രതിരോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെയാണ് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ ശിക്ഷ പ്രതിക്ക് വിധിക്കുന്നത്’- മാന്റര്‍ പറഞ്ഞു.
‘വലതുപക്ഷ തീവ്രവാദത്തിന്റെ വിത്തുകള്‍ രാജ്യത്ത് വ്യാപിപ്പിക്കാനാണ് ടറന്റ് ശ്രമിച്ചത്. എന്നാല്‍ അതില്‍ അയാള്‍ പരാജയപ്പെട്ടു. എന്നാല്‍ ടറന്റിന്റെ ആക്രമണത്തില്‍ രാജ്യത്തെ മുസ്‌ലിം സമൂഹത്തിന് വലിയ വില നല്‍കേണ്ടി വന്നു’- അദ്ദേഹം പറഞ്ഞു.
‘അതിക്രൂരവും നിഷ്ടൂരവുമായിരുന്നു നിങ്ങളുടെ പ്രവൃത്തി. മനുഷ്യത്വ രഹിതമായ ആക്രമണമായിരുന്നു നിങ്ങളുടേത്’- മാന്റര്‍ വ്യക്തമാക്കി.
വിധി കേള്‍ക്കാനായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോടതി പരിസരത്ത് എത്തിയിരുന്നത്. ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ കോടതിയില്‍ വികാരധീനരായി സംസാരിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരന്‍ മക്കാദ് ഇബ്രാഹിമിന്റെ പിതാവ് കേസിലെ പ്രതിയായ ബ്രന്റണ്‍ ടറന്റിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഏവരുടെയും കണ്ണ് നനയിച്ചിരുന്നു.
ചെകുത്താന്റെ സന്തതിയാണ് ഇത്, വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കാന്‍ വന്നവന്‍. എന്നാല്‍ അതില്‍ നിനക്ക് ജയിക്കാന്‍ കഴിഞ്ഞില്ല- ഇബ്രാഹിമിന്റെ പിതാവ് ആഡെന്‍ ഡിരിയോ പറഞ്ഞു.
‘മാപ്പര്‍ഹിക്കാത്ത പ്രവൃത്തിയാണ് നീ ചെയ്തത്. നീതിയുടെ കരങ്ങള്‍ നിനക്കായി ചിലത് കാത്തുവെച്ചിട്ടുണ്ട്. നീ അനുഭവിക്കും’- ആഡെന്‍ പറഞ്ഞു.
‘പള്ളിയിലെത്തുന്ന എല്ലാവരുമായി ചങ്ങാത്തം കൂടുന്ന പ്രകൃതമായിരുന്നു എന്റെ മകന്റേത്. അന്ന് ആ പള്ളിക്കകത്ത് അവന്‍ കളിച്ചു നടന്നത് എനിക്ക് മറക്കാന്‍ കഴിയുന്നില്ല’- ആഡെന്‍ കൂട്ടിച്ചേര്‍ത്തു
നശിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യം ഇനി ജയിലില്‍ പോയി അനുഭവിക്കുവെന്ന് ന്യൂസിലന്റ് മുസ്‌ലിം പള്ളി ആക്രമണകേസിലെ പ്രതിയോട് കൊല്ലപ്പെട്ട സ്ത്രീയുടെ മകള്‍ കഴിഞ്ഞ ദിവസം പറഞ്ഞത് വാര്‍ത്തയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന വിചാരണക്കിടെയാണ് പള്ളി ആക്രമണത്തില്‍ കൊല്ലപ്പെട്ട ലിന്റ ആംസ്‌ട്രോങ്ങിന്റെ മകള്‍ ഇങ്ങനെ പ്രതികരിച്ചത്.
‘നീ എന്റെ അമ്മയെ കൊന്നു. ആ കരുത്തും സ്‌നേഹവും എന്നില്‍ നിന്ന് തട്ടിത്തെറിപ്പിച്ചു. ഒരമ്മയുടെ സ്‌നേഹവും ആഴവും നിനക്കറിയില്ല. നിന്നെ പ്രസവിച്ച അമ്മയെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. ഒരു തരത്തിലും നിന്നോട് യാതൊരു ദയയും തോന്നുന്നില്ല’- ലിന്റയുടെ മകളായ എയ്ഞ്ചല ആംസ്‌ട്രോങ്ങ് പറഞ്ഞു.
‘എന്റെ അമ്മ ഇപ്പോള്‍ സ്വതന്ത്രയാണ്. നീ ഉടനെ അഴിക്കുള്ളിലാകും. അവിടെപ്പോയി സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങള്‍ നല്ലവണ്ണം ആസ്വദിക്കു’- എയ്ഞ്ചല വ്യക്തമാക്കി.
51 പേര്‍ കൊല്ലപ്പെട്ട ന്യൂസിലന്റിലെ രണ്ടു മുസ്‌ലിം പള്ളികളിലേക്ക് നടത്തിയ വെടിവെപ്പിലെ പ്രതിയുടെ ശിക്ഷാ വിചാരണ മൂന്ന് ദിവസം മുമ്പാണ് തുടങ്ങിയത്.
ബ്രെന്റണ്‍ ടറന്റ് എന്ന ഓസ്ട്രേലിയക്കാരനായ പ്രതി ആക്രമണം നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നെന്നാണ് വിചാരണക്കിടെ പ്രോസിക്യൂട്ടര്‍ പറഞ്ഞത്. ഒപ്പം മൂന്നാമതൊരു പള്ളിയിലേക്ക് കൂടി പ്രതി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നാണ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
2019 മാര്‍ച്ചില്‍ ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു മുസ്ലിം പള്ളികളിലാണ് വെള്ളിയാഴ്ച നമസ്‌കാരം നടക്കുന്നതിനിടെ ബ്രെന്റണ്‍ ടറന്റ് വെടിവെപ്പു നടത്തിയത്. വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി ഇടുകയും ചെയ്തിരുന്നു.
ഈ രണ്ടു പള്ളികളിലേക്ക് നടത്തിയ വെടിവെപ്പിനു പിന്നാലെ അഷ്ബര്‍ട്ടന്‍ പള്ളിയെയും പ്രതി ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ ഇവിടേക്ക് ആക്രമണത്തിനായി പോകുന്ന വഴി ഇയാള്‍ പിടിക്കപ്പെടുകയായിരുന്നു.
ഒരു വര്‍ഷം മുമ്പേ ബ്രെന്റണ്‍ ഈ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. ന്യൂസിലന്റിലെ മുസ്‌ലിം പള്ളികളെ പറ്റിയുള്ള വിവരം പ്രതി ആദ്യം ശേഖരിച്ചിരുന്നു. ഈ പള്ളികളുള്ള സ്ഥലം, പള്ളികളുടെ ഉള്ളിലെ ഘടന എന്നീ വിവരങ്ങള്‍ പ്രതി ശേഖരിച്ചിരുന്നു.
ആക്രമണത്തിന് മാസങ്ങള്‍ക്കു മുമ്പ് ആദ്യം വെടിവെപ്പ് നടത്താന്‍ ലക്ഷ്യം വെച്ച അല്‍ നൂര്‍ മോസ്‌കിനു മുകളിലൂടെ ഒരു ഡ്രോണും പറത്തിയിരുന്നു. അപകട നിരക്ക് കൂടാന്‍ വേണ്ടിയാണ് പ്രതി ഇത്തരത്തില്‍ നേരത്തെ പദ്ധതിയിട്ടത്. വെടിവെപ്പിനു ശേഷം ഈ പള്ളികള്‍ കത്തിക്കാനായിരുന്നു ഇയാളുടെ ലക്ഷ്യം.
രാജ്യത്തെ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്താന്‍ ആയിരുന്നു പ്രതി ബ്രെന്റണിന്റെ ഉദ്ദേശം. വിചാരണയില്‍ ബ്രെന്റണ്‍ കോടതി മുറയില്‍ നിശബ്ദനായി നില്‍ക്കുകയായിരുന്നു. ഇടയ്ക്കിടെ കോടതി മുറിയില്‍ അങ്ങിങ്ങ് നോക്കുക മാത്രമാണ് ചെയ്തത്.
നാലു ദിവസമാണ് വിചാരണ നീണ്ടു നിന്നത്. പരോളില്ലാത്ത ആജീവനാന്ത തടവ് ശിക്ഷയാണ് ടറന്റിന് വിധിച്ചിരിക്കുന്നത്. ന്യൂസിലന്റില്‍ ഇതുവരെ ഇത്തരമൊരു ശിക്ഷ വിധിച്ചിട്ടില്ല.