ന്യൂദല്‍ഹി: ഇന്ത്യയിലെ മുസ്‌ലീങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് ഇന്ത്യ എക്‌സിക്യൂട്ടീവ് അങ്കിദാസ്. കമ്പനിയിലെ മുസ്‌ലീം ജീവനക്കാരോടടക്കമാണ് അങ്കിദാസ് മാപ്പു പറഞ്ഞതെന്ന് അമേരിക്കന്‍ മാധ്യമമായ ബസ്സ്ഫീഡ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ മുസ്‌ലീങ്ങളെ ‘അധ:പതിച്ച സമൂഹം” എന്നായിരുന്നു അങ്കി ദാസ് പോസ്റ്റില്‍ വിശേഷിപ്പിച്ചത്. ”മതത്തിന്റെ വിശുദ്ധിയും ശരീഅത്ത് നടപ്പാക്കലും അല്ലാതെ മറ്റൊന്നുമില്ല” എന്നതായിരുന്നു പോസ്റ്റില്‍ പറഞ്ഞത്. 2019 ല്‍ സി.എ വിരുദ്ധ പ്രതിഷേധത്തിന് മറുപടിയായി ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് ഈ പോസ്റ്റ് എഴുതിയത്. ഇതേ പോസ്റ്റ് അങ്കി ദാസ് തന്റെ പേജില്‍ പങ്കുവെക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവും ഖേദപ്രകടനവുമായി അങ്കി ദാസ് രംഗത്തെത്തുകയായിരുന്നു.
‘എന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉദ്ദേശ്യം ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയല്ലായിരുന്നു. മറിച്ച് ഫെമിനിസവും പൗരബോധവുമായി ബന്ധപ്പെട്ട് എന്റെ ആഴത്തിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുക എന്നതായിരുന്നു. എന്നാല്‍ അത്തരമൊരു പോസ്റ്റ് ഏത് രീതിയിലാണ് സ്വീകരിക്കപ്പെട്ടത് എന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കൊണ്ട് ഞാന്‍ മനസിലാക്കി.
അത്തരം വിമര്‍ശനങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ ആ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്യുകയാണ്. കമ്പനിയിലെ എന്റെ മുസ്‌ലിം സഹപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ആരെയെങ്കിലും ഇത് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു’ എന്നായിരുന്നു അങ്കി ദാസ് കുറിച്ചതെന്ന് ബസ്സ്ഫീഡ് റിപ്പോര്‍ട്ട് ചെയ്തു.
കമ്പനിയിലെ നിരവധി ജീവനക്കാര്‍ അങ്കി ദാസിന്റെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ പ്രതികരിച്ചിരുന്നു. ”ഒരു കമ്പനി എന്ന നിലയില്‍, മുസ്‌ലീങ്ങള്‍ക്കെതിരായി നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ കുറിച്ചും ഇസ്ലാമോഫോബിയയെ കുറിച്ചുമുള്ള സത്യസന്ധമായ പ്രതിഫലനം നമ്മളിലൂടെ തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. ടി. രാജാ സിങ്ങിനെപ്പോലുള്ള വ്യക്തികള്‍ മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷപ്രചരണങ്ങള്‍ അഴിച്ചുവിടുമ്പോള്‍, ഇത് അക്രമത്തിന് പ്രേരിപ്പിക്കുന്നതാകുമ്പോള്‍ അവിടെയുള്ള ദുര്‍ബല വിഭാഗത്തെ സംരക്ഷിക്കാന്‍ നമ്മള്‍ കൂടുതലായി എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു എന്നായിരുന്നു ഒരാളുടെ പോസ്റ്റ്.
അതിനിടെ ചൊവ്വാഴ്ച ചേര്‍ന്ന ദല്‍ഹി അസംബ്ലിയിലെ പീസ് ആന്റ് ഹാര്‍മണി കമ്മിറ്റി, ഫേസ്ബുക്കിന്റെ ഉള്ളടക്കം നിഷ്പ്പക്ഷമല്ലെന്ന് കണ്ടെത്തിയിരുന്നു. അങ്കി ദാസ് ഉള്‍പ്പെടെയുള്ള ഫേസ്ബുക്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താനും തീരുമാനിച്ചിരുന്നു. ദല്‍ഹി കലാപമുള്‍പ്പെടെ രാജ്യത്ത് നടന്ന വിവിധ അക്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതില്‍ ഫേസ്ബുക്കിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കുമെന്ന് എ.എ.പി എം.എല്‍.എ രാഘവ് ചന്ദ പറഞ്ഞു.
എന്നാല്‍ വിദ്വേഷത്തെയും വര്‍ഗീയതയെയും അപലപിക്കുന്ന പക്ഷപാതരഹിതമായ ഒരു പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക് എന്നായിരുന്നു ഫേസ്ബുക്ക് തന്നെ നല്‍കിയ വിശദീകരണം.
തുറന്നതും സുതാര്യവും പക്ഷപാതരഹിതുമായ നയങ്ങളാണ് ഫേസ്ബുക്ക് തുടരുന്നതെന്നും ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള തീരുമാനം ഏകപക്ഷീയമായി ഒരാള്‍ എടുക്കുന്നതെല്ലെന്നും ഗൗരവമായ പരിശോധനകള്‍ക്ക് ശേഷമാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാറുള്ളതെന്നും ഫേസ്ബുക്കിന്റെ ഇന്ത്യ മേധാവി അജിത് മോഹന്‍ പ്രതികരിച്ചിരുന്നു. പക്ഷപാതിത്വം നടന്നെന്ന ആരോപണത്തെ ഗൗരവമായി ഉള്‍ക്കൊള്ളുന്നെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്ക് വേണ്ടി ഫേസ്ബുക്ക് മാറ്റുന്നെന്ന വാര്‍ത്തകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വാള്‍സ്ട്രീറ്റ് ജേണലായിരുന്നു ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
അപകടകരമായ വിദ്വേഷ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ബി.ജെ.പിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ബി.ജെ.പി നേതാവ് ടി.രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയത്.
ബി.ജെ.പിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ താത്പര്യങ്ങളെ ബാധിക്കുമെന്നാണ് കമ്പനിയുടെ നേതൃസ്ഥാനത്തുള്ള അങ്കി ദാസ് ജീവനക്കാരോട് പറഞ്ഞതെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നിരുന്നു.
ചൊവ്വാഴ്ച ഫേസ്ബുക്ക് സി.ഇഒ മാര്‍ക് സുക്കര്‍ബര്‍ഗിന് ഇന്ത്യയിലെ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ 54 പേര്‍ കത്തയിച്ചിരുന്നു.
വിദ്വേഷപരമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയത്തെകുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്നും കമ്പനിയുടെ ഇന്ത്യയിലെ നേതൃത്വസ്ഥാനം വഹിക്കുന്ന അങ്കിദാസിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണമായിരിക്കണം ഈ വിഷയത്തില്‍ നടത്തേണ്ടതെന്നും ഒരുകാരണവശാലും അന്വേഷണത്തെ സ്വാധീനിക്കാന്‍ അവരെ അനുവദിക്കരുതെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
വിദ്വേഷ പ്രഭാഷണങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സ്വന്തം നയം നടപ്പാക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്നും അല്ലെങ്കില്‍ പക്ഷപാതപരമായി അത് നടപ്പാക്കിയിട്ടുണ്ടെന്നും സുക്കര്‍ബര്‍ഗിന് അയച്ച കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.