മംഗളൂരു : കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചെന്ന് ഭീഷണി മുഴക്കിയത് പ്രതിയുടെ ലക്ഷ്യം ജനശ്രദ്ധ നേടാലായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മിഷണർ വികാസ് കുമാർ. ഉഡുപ്പി കാർക്കള മുഡ്രാഡി തുണ്ടുഗുഡെയിലെ വസന്ത് ഷെഡിഗാർ (33) ആണ് 18-ന് ഉച്ചയോടെ മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായി മുൻ വിമാനത്താവള ഡയറക്ടറെ ഫോണിൽ വിളിച്ചുപറഞ്ഞത്. എട്ടാംക്ലാസ് വിദ്യാഭ്യാസമുള്ള പ്രതി വസന്ത് ബെംഗളൂരുവിലും ഉഡുപ്പിയിലും ഹോട്ടലിൽ ജോലിചെയ്തിട്ടുണ്ട്. ലോക്ഡൗണിനെത്തുടർന്ന് ജോലിയില്ലാതെ വീട്ടിലാണ്. തുടർന്ന് പ്രശസ്തി നേടാനാണ് ഇന്റർനെറ്റ് സംവിധാനമുപയോഗിച്ച് വസന്ത് മുൻ വിമാനത്താവള ഡയരക്ടറുടെ ഫോൺനമ്പർ കണ്ടെത്തി ഫോൺ വിളിച്ചതെന്ന് സിറ്റി പോലീസ് കമ്മിഷണർ വികാസ് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.