ജൊഹാനസ്ബര്‍ഗ് (www.mediavisionnews.in) :ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ രണ്ടു താരങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രോഗബാധിതരായ താരങ്ങളുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല.
ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക താരങ്ങളും സ്റ്റാഫുകളും ഉള്‍പ്പെടെ 50 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് രണ്ട് താരങ്ങളുടെ കോവിഡ് ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഒരു ക്യാമ്പിന് മുന്നോടിയായാണ് പരിശോധന നടത്തിയത്. താരങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ച താരങ്ങളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ക്രുഗെര്‍ നാഷണല്‍ പാര്‍ക്ക് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് ക്യാമ്പ്. അഞ്ചു ദിവസത്തെ ക്യാമ്പ് ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. 22- നാണ് ക്യാമ്പ് അവസാനിക്കുക. കുഞ്ഞിന്‍റെ ജനനത്തെ തുടര്‍ന്ന ഡുപ്ലെസിസിയും വ്യക്തിപരമായ കാര്യത്തെ തുടര്‍ന്ന് ഡി ബ്രൂയിനും ക്യാമ്പില്‍ പങ്കെടുക്കുന്നില്ല.
ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഐ.പി.എല്ലിലും ആശങ്ക സൃഷ്ടിച്ചേക്കും. ക്വിന്റന്‍ ഡീകോക്ക്, എബി ഡിവില്ലിയേഴ്സ്, ഡെയ്ല്‍ സ്റ്റെയിന്‍, ഫഫ് ഡുപ്ലെസി, കഗിസോ റബാദ, ആന്റിച്ച് നോര്‍ജ തുടങ്ങിയ നിരവധി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐ.പി.എല്ലിന്റെ ഭാഗമാണ്.