കൊവിഡ് വ്യാപനം: സംസ്ഥാനത്ത് വഴിയോര മത്സ്യക്കച്ചവടം നിരോധിക്കുന്നു

0
228

തിരുവനന്തപുരം: കേരളത്തില്‍ വഴിയോര മത്സ്യകച്ചവടം നിരോധിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് രോഗ വ്യാപനത്തെത്തുടര്‍ന്നാണ് ഈ തീരുമാനം.

വിലകുറച്ച് ലഭിക്കുമെന്നതിനാല്‍ വഴിയോര മത്സ്യ കച്ചവടം നടത്തുന്ന സ്ഥലങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഈ സാഹചര്യത്തില്‍ അനുവദിക്കാന്‍ കഴിയില്ല. അതിനാലാണ് ഈ തീരുമാനമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്നും ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

നിലവില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങരുതെന്നും ഇത്തവണ ഓണം വീടുകളിലിരുന്ന് ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂക്കളമൊരുക്കാനും മറ്റും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പൂക്കള്‍ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപന സാധ്യത കൂടിയതിനാലാണ് ഈ തീരുമാനം. പ്രാദേശികമായി ലഭിക്കുന്ന പൂക്കള്‍ മാത്രം ഓണാഘോഷത്തിന് ഉപയോഗിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്നലെ 2333 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here