കേരളത്തിൽ കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിശ്ചയിച്ചു സർക്കാർ ഉത്തരവായിട്ടും ഇപ്പോഴും 20 രൂപ ഈടാക്കുന്നവർക്കെതിരെ പിഴ ചുമത്തി ലീഗൽ മെട്രോളജി വകുപ്പ്. കഴിഞ്ഞ മൂന്നു മാസങ്ങൾക്കുള്ളിൽ പിഴയിനത്തിൽ ഈടാക്കിയത് 22,92,500 രൂപയാണ്.
വിലകൂട്ടി വിൽക്കുന്നവർക്കെതിരെ കൈക്കൊള്ളുന്ന നടപടിയെക്കുറിച്ച് വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിന്നുമാണ് ഈ വിവരം.
ഇക്കൊല്ലം മാർച്ച് 17 ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിലാണ് കുപ്പി വെള്ളത്തിന്റെ വില 13 രൂപയാക്കി നിശ്ചയിച്ചത്. മാർച്ച് 17 മുതൽ ജൂൺ ഒന്നു വരെ കുടിവെള്ളം വില കൂട്ടി വിൽക്കുന്നവർക്കെതിരെ ൩൯൪ പരാതികൾ ലഭിച്ചു. 544 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നിന്ന് 22,92,500 രൂപ പിഴ ലഭിച്ചതായി കൺട്രോളറുടെ റിപ്പോർട്ടിൽ പറയുന്നു.
നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ മറ്റ് നടപടികൾ ആവശ്യമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തിരുവാർപ്പ് സ്വദേശി മിഥുൻ കെ. യേശുദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
വില കൂട്ടി വിൽക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടാൽ 1800-425-4835 എന്ന ടോൾ ഫ്രീ നമ്പറിലോ ‘സുതാര്യം’ എന്ന മൊബൈൽ ആപ്പിലോ lmd.kerala.gov.in എന്ന വെബ്സൈറ്റിലോ പരാതി നൽകാം.