ജീവന് ഭീഷണിയുണ്ടെന്ന് പരാതി നൽകി ഫേസ്ബുക്ക് ഇന്ത്യൻ മേധാവി; മതനിന്ദയും അക്രമവും എതിർക്കുമെന്ന് ഫേസ്ബുക്ക്

0
207

ന്യൂഡൽഹി: സമൂഹമാദ്ധ്യമമായ ഫേസ്‌ബുക്കിന്റെ ഇന്ത്യയിലെ മേധാവി അൻഖി ദാസ് ഡൽഹി പൊലീസിലെ സൈബർക്രൈം വിഭാഗത്തിൽ പരാതി നൽകി. തന്നെ അപായപ്പെടുത്തുമെന്ന് നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുവെന്ന് അൻഖി ദാസിന്റെ പരാതിയിൽ പറയുന്നു.

ഇന്ത്യയിൽ ഏ‌റ്റവുമധികം ഉപഭോക്‌താക്കളുള‌ള ഫേസ്ബുക്ക് രാജ്യത്ത് ബിജെപിക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്ന് അമേരിക്കൻ മാദ്ധ്യമമായ വാൾ സ്ട്രീ‌റ്റ് ജേണലിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പേരിൽ കോൺഗ്രസ്-ബിജെപി പാർട്ടികളിലെ നേതാക്കന്മാരും നിയമജ്ഞന്മാരും തമ്മിൽ നിരന്തരം തർക്കം തുടരുകയാണ്. വിവരം അറിഞ്ഞുടനെ ഫേസ്ബുക്ക് ഈ റിപ്പോർട്ട് തള‌ളിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് നിലവിൽ അൻഖി ദാസിന്റെ പരാതി.

തന്നെ ഭീഷണിപ്പെടുത്തിയ ട്വി‌റ്റർ,​ ഫേസ്ബുക്ക് ഹാൻഡിലുകളുടെ തെളിവുകളും അൻഖി ദാസ് പൊലീസിന് നൽകി. എന്നാൽ കേസിൽ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന് ദക്ഷിണ ഡൽഹി ഡി.സി.പി അറിയിച്ചു.

അതേസമയം ആരുടെയും രാഷ്‌ട്രീയ ചായ്‌വോ പദവിയോ നോക്കാതെ മതസ്‌പർദ്ധയും വിദ്വേഷവും പരത്തുന്ന പോസ്‌റ്റുകൾ തങ്ങൾ നിരോധിക്കുമെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ഫേസ്ബുക്കിലെ പോസ്‌റ്റുകളുടെ ഉള‌ളടക്കത്തെ കുറിച്ച് നിരന്തരം പരിശോധന നടത്തി വിലയിരുത്തുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here