ഉയ്‌ഗർ മുസ്ലിങ്ങളോടുള്ള അതിക്രമങ്ങളുടെ ഏറ്റവും പുതിയ വാർത്തകളാണ് ചൈനയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. സിൻജാങ് പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലുണ്ടായിരുന്ന ഉയ്‌ഗർ ജമാ മസ്ജിദ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സർക്കാർ ഇടിച്ചു നിരത്തിക്കളഞ്ഞിരുന്നു. പള്ളി നിന്നിരുന്നിടത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ഒരു പൊതു ശൗചാലയം കെട്ടിപ്പൊക്കി കമ്മീഷൻ ചെയ്തിരിക്കുകയാണ് ഇപ്പോൾ ഗവണ്മെന്റ്. ഇത് ഉയ്‌ഗർ മുസ്ലീങ്ങളുടെ മനോബലം തകർക്കാനും, അവരെ അവരുടെ വിശ്വാസപ്രമാണങ്ങളിൽ നിന്ന് നിർബന്ധിതമായി അടർത്തിമാറ്റി, ഹാൻ വംശീയസ്വത്വത്തിലേക്കും, തദ്വാരാ മുഖ്യധാരാ ചൈനീസ് ദേശീയതയിലേക്കും ഇണക്കിച്ചേർക്കാനുമുള്ള സർക്കാരിന്റെ പരിശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയും എന്ന് നിരീക്ഷകർ കരുതുന്നു.
ആതുഷ് സുണ്ടാഗ് ഗ്രാമത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ടോക്കുൾ മോസ്‌ക് ആണ് ഇപ്പോൾ സർക്കാർ ഇടിച്ചു നിരത്തി, ആ സൈറ്റിൽ തന്നെ പൊതുശൗചാലയം കെട്ടിപ്പൊക്കിയിട്ടുള്ളത്. ഈ പള്ളി ഇടിച്ചു പൊളിക്കും മുമ്പ് അത് കയ്യേറി, മിനാരത്തിൽ പാർട്ടിക്കൊടി നാട്ടിയ ഹാൻ വംശജരായ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ, പള്ളിയുടെ മുൻ വശത്ത് മാൻഡറിൻ ഭാഷയിൽ ” രാജ്യത്തെ സ്നേഹിക്കുക, പാർട്ടിയെ സ്നേഹിക്കുക ” എന്നെഴുതിയ വലിയൊരു ബോർഡും സ്ഥാപിച്ചിരുന്നു. ഷി ജിൻപിങ്ങിന്റെ ചൈനീസ് കമ്യൂണിസ്റ്റ് സർക്കാർ 2016 -ൽ തുടങ്ങിയ ‘മോസ്‌ക് റെക്റ്റിഫിക്കേഷൻ’ നയത്തിന്റെ ഭാഗമാണ് ഈ നടപടിയും. 2017 മുതൽക്ക് തന്നെ പ്രദേശവാസികളായ ഏകദേശം പതിനെട്ടു ലക്ഷത്തോളം പേരെ റീ-എജുക്കേഷൻ ക്യാമ്പുകളിൽ നിർബന്ധിച്ച് പിടിച്ചടച്ചുകൊണ്ട് വ്യക്തിപരമായ റെക്റ്റിഫിക്കേഷൻ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. റേഡിയോ ഫ്രീ ഏഷ്യ എന്ന ന്യൂസ് ഏജൻസിയാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്.
പ്രദേശത്ത് അങ്ങനെയൊരു പൊതു ശൗചാലയത്തിന്റെ ആവശ്യമുണ്ടോ എന്ന റേഡിയോ ഫ്രീ ഏഷ്യയുടെ ചോദ്യത്തോട്, പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ ചില ഉയ്‌ഗർ മുസ്ലിം പൗരന്മാർ പ്രതികരിച്ചത് ഇങ്ങനെ,” അത് ഇവിടത്തെ ഹാൻ സഖാക്കളുടെ പണിയാണ്. ഇവിടങ്ങനെ ഒരു പൊതു ശൗചാലയത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഇല്ല. കാരണം, ഇവിടെ എല്ലാ വീടുകളിലും അറ്റാച്ച് ചെയ്ത ടോയ്‌ലറ്റുകൾ ഉണ്ട്. ഇവിടെ ഇങ്ങനെ ഒരു മോസ്‌ക് ഉണ്ടായിരുന്നതിന്റെയും, അവർ അത് ഇടിച്ചു കളഞ്ഞതിന്റെയും തെളിവുകൾ മറയ്ക്കുക എന്നത് കൂടിയാവും ചിലപ്പോൾ ഇങ്ങനെയൊരു നിർമാണത്തിന് പിന്നിൽ”. “ഇത് പ്രദേശത്ത് ഇടിച്ചു പൊളിക്കപ്പെടുന്ന മൂന്നാമത്തെ മുസ്ലിം പള്ളിയാണ്. ഇതിനു മുമ്പ് ഒരു പള്ളി പൊളിച്ചിടത്ത് അവർ, ഹാൻ സഖാക്കൾ, ഇസ്ലാമിൽ വിലക്കപ്പെട്ട സാധനങ്ങളായ മദ്യവും സിഗരറ്റുമൊക്കെ വിൽക്കുന്ന ഒരു കൺവീനിയൻസ് സ്റ്റോർ ആണ്. ഞങ്ങളുടെ മതവികാരം വ്രണപ്പെടുത്തുക, ആത്മാഭിമാനം മുറിപ്പെടുത്തുക എന്നതൊക്കെ ഉദ്ദേശിച്ച് മനപൂർവ്വമാണ് ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. അത് ഞങ്ങൾക്ക് നന്നായി മനസ്സിലാകുന്നുണ്ട്” മറ്റൊരു ഉയ്‌ഗർ പൗരൻ പറഞ്ഞു.
ഉയ്‌ഗർ മുസ്ലിങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള ‘വല്ലാത്തൊരു കഥ’ എപ്പിസോഡ്
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്, ഉയ്‌ഗർ മുസ്ലിങ്ങളെ ഹാൻ എന്നറിയപ്പെടുന്ന ഭൂരിപക്ഷ വംശീയതയിലേക്ക് ചേർക്കാനാണ് ചെയ്യാനാണ്. എന്നാൽ, അങ്ങനെ ചെയ്യാൻ, അതുവഴി തങ്ങളുടെ വംശീയ സ്വത്വം കളഞ്ഞു കുളിക്കാൻ ഒട്ടും തയ്യാറില്ലാത്തവരാണ് അന്നും ഇന്നും ഉയ്‌ഗറുകൾ. നൂറ്റാണ്ടുകളായിട്ട് തങ്ങളുടെ ഉള്ളിൽ വേരുറപ്പിച്ചു കഴിഞ്ഞിട്ടുള്ള ഇസ്ലാം മതവിശ്വാസവും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന അവര് പവിത്രമെന്നു കരുതുന്ന സാംസ്‌കാരിക പൈതൃകവും ആ ഇന്റഗ്രെഷനോടെ നഷ്ടപ്പെടും എന്ന പേടി തന്നെയാണ് ആ വിമുഖതക്ക് പിന്നിൽ. ഹാൻ മുഖ്യധാരയിലേക്ക് ഇന്റഗ്രേറ്റ് ചെയ്യാനുള്ള ഉയ്‌ഗർ മുസ്ലിങ്ങളുടെ വിമുഖതയെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ചൈനീസ് ഗവണ്മെന്റ് നേരിടുന്നത് ഉരുക്കു മുഷ്ടികൾ കൊണ്ടാണ്. വർഷങ്ങളായിട്ട് ഉയ്‌ഗർ മുസ്ലിങ്ങളെ അവരുടെ മതപരമായ ചടങ്ങുകൾ അനുഷ്ഠിക്കുന്നതിൽ നിന്നുപോലും സർക്കാർ വിലക്കുന്നുണ്ട്. 2104 മുതൽ അവർക്ക് റമദാൻ മാസത്തിൽ നോമ്പെടുക്കാൻ അവർക്ക് അനുമതിയില്ല. പരമ്പരാഗത ഇസ്ലാമിക വസ്ത്രങ്ങൾ ധരിക്കുന്നതിനും, എന്തിന് താടി നീട്ടി വളർത്തുന്നതിന് പോലും വിലക്കുണ്ട് ഇപ്പോൾ ഷിൻജാങ്ങിൽ. ഇന്നും ചൈനയിൽ ഏറ്റവും അധികം വധശിക്ഷയ്ക്ക് വിധേയരാകുന്ന വിഭാഗം ഉയ്‌ഗർ മുസ്ലിംസ് ആണ്. ഈ വധശിക്ഷകൾ പലതും ചൈന നടപ്പിലാക്കുന്നത് പൊതുജനമധ്യത്തിൽ വെച്ചിട്ടാണ്. കൂട്ടത്തിൽ ചിലരെ പരസ്യമായി വധിച്ച് അതിലൂടെ മറ്റുള്ള ഉയ്‌ഗർ മുസ്ലിങ്ങളെ ഭയപ്പെടുത്തുക എന്നതുമാത്രമാണ് അതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. സ്വന്തം വിശ്വാസങ്ങളുടെയും പാരമ്പര്യത്തിന്റെയും പേരിൽ തീവ്രവാദികൾ എന്ന് മുദ്രകുത്തപെട്ടവരാണ് ഉയ്‌ഗറുകൾ. രാജ്യത്തോട് നന്ദികേട് കാട്ടുന്നവർ, വിഘടനവാദികൾ, ഭീകരവാദികൾ, ചതിയന്മാർ അങ്ങനെ പലതും വിളിച്ച് അവരെ വംശീയമായ വിവേചനങ്ങൾക്ക് ഇരയാക്കിക്കൊണ്ടിരിക്കുകയാണ്.
തോണ്ടിനിരത്തിയ ഖബറിടങ്ങൾ
ചൈനീസ് സർക്കാർ ഉയ്‌ഗറുകൾക്കെതിരെ നടത്തുന്ന പീഡനങ്ങളുടെ മറ്റൊരു ഉദാഹരണം അവരുടെ ഖബറിടങ്ങളോട് കാണിക്കുന്ന അനാദരവാണ്. തലമുറകളായി ഉയിഗുർ മുസ്ലിങ്ങൾ തങ്ങളുടെ കുടുംബങ്ങളിൽ മരണപ്പെടുന്നവരെ അടക്കുന്ന നൂറുകണക്കിന് ശ്മശാനങ്ങളുണ്ട് ഷിൻജാങ്ങിൽ. അവയിൽ മിക്കതും ഇപ്പോൾ ചൈനീസ് സർക്കാർ തോണ്ടി നിരത്തിയിരിക്കുകയാണ്. 2014 മുതൽ ചൈനീസ് സർക്കാർ കുത്തിപ്പൊക്കിയത് 45 ശ്‌മശാനങ്ങളാണ്. ഇതിൽ മുപ്പതെണ്ണവും തോണ്ടിയത് കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ്.
പ്രസിദ്ധ ഉയിഗുർ കവി ലുട്ട്പുള്ള മുട്ടലിപ്പ് അന്ത്യവിശ്രമം കൊള്ളുന്ന ഒരു വലിയ ഖബറിസ്ഥാനുണ്ടായിരുന്നു അക്സു എന്നുപറയുന്ന സ്ഥലത്ത്. പതിറ്റാണ്ടുകളായി ഉയ്‌ഗർ മുസ്ലിങ്ങൾ ഒരു തീർത്ഥാടനകേന്ദ്രമായി കരുതി ആരാധിച്ചുപോന്നിരുന്ന ആ വിശുദ്ധസ്ഥലത്തെ ഇടിച്ചു നിരത്തി ഇന്ന് ചൈനീസ് സർക്കാർ അതിനെ ഒരു അമ്യൂസ്മെന്റ് പാർക്കാക്കി മാറിയിട്ടുണ്ട്. ‘ഹാപ്പിനെസ്സ് പാർക്ക്’ എന്നാണ് പുതിയ പേര്. ആ ഖബറിടങ്ങൾ നിന്നിടത്ത് ഇന്ന് കോൺക്രീറ്റിൽ തീർത്ത പാണ്ട പ്രതിമകളുണ്ട്, കുട്ടികൾക്കുള്ള യന്ത്രഊഞ്ഞാലുകളുണ്ട്, ഒരു കൃത്രിമ തടാകവുമുണ്ട്. അവിടെ മണ്ണിൽ ഉണ്ടായിരുന്ന എല്ലും തലയോട്ടികളും എല്ലാം ഒന്നിച്ച് ജെസിബിക്ക് വാരി ട്രക്കുകളിൽ കയറ്റി,ദൂരെയെങ്ങോ ഒരു മരുഭൂമിയിലുള്ള പുതിയ ശ്‌മശാനത്തിലേക്ക് മാറ്റിയിട്ടുണ്ട് സർക്കാർ. ഉയിഗുറുകൾക്ക് അവരുടെ പൂർവികരുടെ ഖബറിടങ്ങളിൽ ചെന്നിരുന്ന് പ്രാർത്ഥനകൾ അർപ്പിക്കുകയും പൂക്കളും മറ്റും കൊണ്ടുവെക്കുകയും ഒക്കെ ചെയ്യുന്ന പതിവുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബറുകൾ അവർ എന്നും നല്ലപോലെ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ കാത്തുസൂക്ഷിച്ചു പോന്ന ഖബറിടങ്ങളാണ് യാതൊരു മുന്നറിയിപ്പും കൂടാതെ യന്ത്രസഹായത്തോടെ ഇടിച്ചു നിരത്തി, തോണ്ടി മാറ്റിയിരിക്കുന്നത്. അവിടെയിപ്പോൾ അവശേഷിക്കുന്നത് ഖബറിടങ്ങൾ കൊണ്ടുപോകാൻ മടിച്ച, ഒറ്റപ്പെട്ട ചില തലയോട്ടികളും എല്ലുകളും മാത്രമാണ്. അവർ ഏറെ പരിശുദ്ധം എന്ന് കണ്ടിരുന്ന, ഒത്തുകൂടിയിരുന്ന, ചെന്നിരുന്ന് പ്രാർത്ഥിച്ചിരുന്ന ഒരിടമാണ് ആരോടും ചോദിക്കാതെ ചൈനീസ് ഗവണ്മെന്റ് ഇടിച്ചു നിരത്തിക്കളഞ്ഞത്. അതുതന്നെയാണ്, ഉയ്‌ഗറുകളെ അവരുടെ സംസ്കാരത്തിന്റെ അവസാന കണികയിൽ നിന്നും അടർത്തി മാറ്റുക എന്നതുതന്നെയാണ് ചൈനീസ് സർക്കാരിന്റെ ലക്ഷ്യവും.
ഹൈ ടെക്ക് നിരീക്ഷണങ്ങൾ, റീ ഇന്റെഗ്രേഷൻ ക്യാമ്പുകൾ
ചൈനീസ് ഗവൺമെന്റ് ഉയ്‌ഗറുകളെ നിരീക്ഷിക്കാൻ വേണ്ടി പ്രയോജനപ്പെടുത്തുന്നത് അത്യാധുനിക സാങ്കേതിക വിദ്യകളാണ്. ഷിൻജാങ്ങിന്റെ ഓരോ മുക്കിലും മൂലയിലും ഫെയ്‌സ് റെക്കഗ്നിഷൻ സംവിധാനം വരെയുള്ള സിസിടിവി ക്യാമെറകൾ ഉണ്ട്. 2015-ൽ ഷിൻജാങ് പ്രദേശത്ത് നിലവിൽ വന്ന ഭീകരവാദ വിരുദ്ധ നിയമവും, 2017-ൽ വന്ന തീവ്രവാദ നിയന്ത്രണ നിയമവും കാര്യങ്ങൾ കൂടുതൽ വഷളാക്കി. പ്രദേശത്ത് വൻതോതിലുള്ള ഡിഎൻഎ സാമ്പിൾ കളക്ഷൻ നടന്നു. തെരുവുകളിലെല്ലാം തന്നെ പട്ടാളം ചെക്ക് പോയന്റുകൾ സ്ഥാപിച്ചു. മൊബൈൽ ഫോണുകൾ വ്യാപകമായി ടാപ്പ് ചെയ്യപ്പെട്ടു. പട്ടാളം വഴിയിൽ തടഞ്ഞു നിർത്തി ആളുകളുടെ ഫോണുകൾ പരിശോധിച്ചുതുടങ്ങി. വല്ലാതെ ഹരാസ് ചെയ്യപ്പെടാൻ തുടങ്ങി ഉയ്‌ഗർ മുസ്ലിങ്ങൾ അവരുടെ നിത്യജീവിതത്തിൽ. റീ-എജുക്കേഷൻ ക്യാമ്പുകൾ കൂടുതൽ സജീവമായി. അവിടേക്ക് കൂട്ടംകൂട്ടമായി ഉയ്‌ഗർ മുസ്ലിങ്ങളെ കണ്ണുകൾ മൂടിക്കെട്ടി, ട്രെയിനുകളിൽ കൊണ്ടുപോയി ഇറക്കാൻ തുടങ്ങി. അവിടെ താമസിപ്പിച്ച് അവർ ‘നന്നാകും’ വരെ അവർക്ക് ചൈനീസ് സംസ്കാരത്തിന്റെയും, ദേശസ്നേഹത്തിന്റെയും മറ്റും ക്‌ളാസ്സുകൾ കൊടുക്കാൻ തുടങ്ങി. ഒടുവിൽ അവർ ‘യഥാർത്ഥ’ ചൈനീസ് പൗരന്മാരായി എന്ന് സർക്കാരിന് ബോധ്യപ്പെടും വരെ അവിടെ കഴിയാൻ അവർ നിബന്ധിക്കപ്പെടുന്നുണ്ട്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ റീ എജുക്കേഷൻ എന്ന പരിപാടി ഉയ്‌ഗറുകളുടെ കാര്യത്തിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. അതിന് അവരുടെ മതവിശ്വാസവുമായി വിശേഷിച്ച് ബന്ധവും ഇല്ല. അതിനി ഉയ്‌ഗർ മുസ്ലിങ്ങൾ എന്നല്ല, ബുദ്ധമതക്കാരായാലും ശരി ക്രിസ്ത്യൻസ് ആയാലും ശരി, പാർട്ടിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ചൈനയ്ക്ക് അകത്തോ പുറത്തോ ആയി ആര് പ്രവർത്തിച്ചാലും അവരെ നേരെ പൊക്കുക, റീ എജ്യൂക്കേറ്റ് ചെയുക എന്നതാണ് പാർട്ടിയുടെ പതിവ്. അതിനായി ക്യാമ്പുകളിൽ സാമ-ദാന-ഭേദ-ദണ്ഡങ്ങളിൽ ഏതു പ്രയോഗിക്കപ്പെട്ടേക്കാം. ആ പരിശ്രമങ്ങൾക്ക് വഴങ്ങി റീ എജ്യൂക്കേറ്റ് ആയി, പാർട്ടിയുടെ നയങ്ങളോട് ചേർന്നു നിന്നാൽ നിങ്ങൾക്ക് കൊള്ളാം. ഇല്ലെങ്കിൽ കള്ളക്കേസ് ചുമത്തപ്പെട്ടുള്ള ദീർഘകാലത്തെ ജയിൽ വാസമോ, പൊതുജീവിതത്തിൽ നിന്ന് നിഷ്കാസനം ചെയ്യപ്പെടലോ ഒക്കെയാവും നിങ്ങളെ കാത്തിരിക്കുന്ന ദുർവിധി.
ഉയ്‌ഗർ മുസ്ലിങ്ങളുടെ മനസ്സിൽ നിന്ന് അവരുടെ മതപരവും വംശീയവുമായ എല്ലാറ്റിനെയും മായ്ച്ചു കളഞ്ഞ് ചൈനീസ് ദേശീയതയും കമ്യൂണിസ്റ്റ് തത്വസംഹിതകളും നിറയ്ക്കാനുള്ള ഒരു ‘റീ-എജുക്കേഷൻ’ അഥവാ ‘റീ-ഇന്റഗ്രേഷൻ’ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ ഉദ്ദേശ്യം വെച്ച് ഷിൻജാങ്ങിൽ രഹസ്യമായി ചൈനീസ് സർക്കാർ അഞ്ഞൂറോളം റീ-എജുക്കേഷൻ ക്യാമ്പുകൾ നടത്തുന്നുണ്ട്. ഇങ്ങനെയുള്ള ക്യാമ്പുകളിൽ അടച്ച് ചുരുങ്ങിയത് പത്തുലക്ഷം പേരെങ്കിലും ഗവണ്മെന്റ് ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് ഏകദേശകണക്ക്. 2017 -ൽ ആദ്യമായി ഇങ്ങനെ ക്യാമ്പുകൾ ഉണ്ട് എന്നുള്ള വാർത്ത ചില അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് കൊണ്ടുവന്നപ്പോൾ ചൈനീസ് ഗവണ്മെന്റ് ചെയ്തത് ആ വാർത്ത പാടെ നിഷേധിക്കുകയാണ്. പക്ഷെ, കൂടുതൽ തെളിവുകൾ, ഉപഗ്രഹ ചിത്രങ്ങളും, രഹസ്യ മൊഴികളും, ഓഡിയോ ബൈറ്റുകളും ഒക്കെ വിദേശ മാധ്യമങ്ങൾ നിരത്തിയതോടെ, ശരിയാണ് അത്തരം ഒന്നോ രണ്ടോ നാഷണൽ ഇന്റഗ്രെഷൻ ക്യാമ്പുകൾ ഉണ്ട്, പക്ഷെ അതൊക്കെ നല്ല ഉദ്ദേശ്യം വെച്ചുള്ളതാണ് എന്ന് മാറ്റിപ്പറഞ്ഞു. ഷിൻജാങിലെ നാട്ടുകാര്, അതായത് ഉയ്‌ഗർ വംശജർ” ഞങ്ങൾക്ക് ചൈനീസ് സംസ്കാരവും, മാൻഡാരിൻ ഭാഷയുമെല്ലാം പഠിക്കാനുള്ള വലിയ താത്പര്യമുണ്ട്.. ഒന്ന് സഹായിക്കണം ” എന്ന് അപേക്ഷിച്ചപ്പോൾ അവർക്ക് അതിന് വേണ്ടി ചില സ്‌കൂളുകൾ നിർമിച്ചു നൽകുക മാത്രമാണ് ചെയ്തത് എന്നായി പിന്നീട് സർക്കാരിന്റെ വിശദീകരണം.
എന്നാൽ, ഈ റീ എജുക്കേഷൻ സെന്ററുകൾ ശരിക്കും ഹിറ്റ്ലറുടെ കോണ്സെന്ട്രേഷൻ ക്യാമ്പ് മോഡലിലാണ് നടത്തപ്പെടുന്നത് എന്നും, അതിനുള്ളിലേക്ക് നിർബന്ധിച്ച് പറഞ്ഞയക്കപ്പെടുന്ന ഉയ്‌ഗർ മുസ്ലിങ്ങളുടെ മൗലികാവകാശങ്ങൾ അവിടെ ലംഘിക്കപ്പെടുന്നുണ്ട്, അതിനുള്ളിൽ അവർ ശാരീരികവും, മാനസികവും, ലൈംഗികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട് എന്നുമുള്ള പരാതികൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. പരാതികളുടെ എണ്ണം കൂടിയപ്പോൾ ചെറിയൊരു പ്രൊപ്പഗാണ്ട പരിപാടി നടത്തി ചൈന. ഒരു ദിവസം ബിബിസിയുടെ ഒരു ലേഖകനെ ഈ ക്യാമ്പിൽ ഒന്നിലേക്ക് വിളിച്ചുവരുത്തി അവർ. അയാൾക്ക് കാണാൻ വേണ്ടിയിട്ട് അവിടെ സന്തോഷത്തോടെ ആടിപ്പാടിയും, തൊഴിൽ പരിശീലിച്ചും, ചൈനീസ് ഭാഷയും, സാഹിത്യവും, സംഗീതവും ഒക്കെ അഭ്യസിച്ചും, ആകെ ഉല്ലസിക്കുന്ന പത്തുരണ്ടായിരത്തോളം ഉയ്‌ഗർ മുസ്ലിങ്ങളെ തയാറാക്കി നിർത്തിയിട്ടുണ്ടായിരുന്നു. സ്വന്തം മക്കളിൽ നിന്നും അമ്മപെങ്ങന്മാരിൽ നിന്നും ഭാര്യമാരിൽ നിന്നുമൊക്കെ മാസങ്ങളായി വേർപെട്ട്, അവരോടൊന്നു സംസാരിക്കാൻ പോലും പറ്റാതെ കഴിയുന്നവരാണ് ഇവരെന്ന് കണ്ടാൽ പറയില്ലായിരുന്നു. അങ്ങനെ ആദ്യമായി ലോകത്തിനു മുന്നിൽ വാ തുറന്ന് പ്രതികരിച്ച ആ ഉയ്‌ഗർ മുസ്ലിം റീഎജുക്കേഷൻ ക്യാമ്പ് ഡീറ്റെയ്‌നികൾ നിറപുഞ്ചിരിയോടെ പറഞ്ഞുവെച്ചത് ‘ഞങ്ങൾ ഇവിടെ തികച്ചും ഹാപ്പിയാണ്’ എന്നുമാത്രമായിരുന്നു. എന്നാൽ, ചെലുത്തിയുള്ള ആ ചിരിക്കു പിന്നിൽ അവരൊളിപ്പിച്ചിരുന്ന നൊമ്പരം ആരുടേയും കണ്ണിൽ പെടാതെ പോവുന്ന ഒന്നായിരുന്നില്ല.
റീ എജുക്കേഷൻ ക്യാമ്പുകൾക്ക് പുറമെ, ഷിൻജാങ് പ്രവിശ്യയിൽ ഉയ്‌ഗറുകൾക്ക് നിലവിൽ ഉള്ള ജനസംഖ്യാനുപാതികമായ സ്വീധീനം കുറക്കാൻ വേണ്ടി ചൈനീസ് ഗവണ്മെന്റ് അവിടേക്ക് ഹാൻ വംശജരുടെ ഒരു ‘റിവേഴ്‌സ് മൈഗ്രെഷനും’ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതായത് ഷിൻജാങ്കിൽ ചെന്ന് സെറ്റിൽ ചെയ്യാൻ വേണ്ട സഹായം സർക്കാർ ചെയ്തു കൊടുക്കും. അങ്ങനെ ചെയ്തു കൊടുത്തുകൊടുത്ത് കഴിഞ്ഞ പത്തുമുപ്പതു വർഷം കൊണ്ട് ഷിൻജാങിലെ ഹാൻ ജനസംഖ്യാപ്രാതിനിധ്യം എട്ടു ശതമാനത്തിൽ നിന്ന് 40 % ആയി കൂടിയിട്ടുണ്ട്.
റിവേഴ്‌സ് മൈഗ്രെഷൻ, ജനന നിയന്ത്രണങ്ങളിലെ ഇരട്ടത്താപ്പ്
റീ എജുക്കേഷൻ ക്യാമ്പുകൾക്ക് പുറമെ, ഷിൻജാങ് പ്രവിശ്യയിൽ ഉയ്‌ഗറുകൾക്ക് നിലവിൽ ഉള്ള ജനസംഖ്യാനുപാതികമായ സ്വീധീനം കുറക്കാൻ വേണ്ടി ചൈനീസ് ഗവണ്മെന്റ് അവിടേക്ക് ഹാൻ വംശജരുടെ ഒരു ‘റിവേഴ്‌സ് മൈഗ്രെഷനും’ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതായത് ഷിൻജാങ്കിൽ ചെന്ന് സെറ്റിൽ ചെയ്യാൻ വേണ്ട സഹായം സർക്കാർ ചെയ്തു കൊടുക്കും. അങ്ങനെ ചെയ്തു കൊടുത്തുകൊടുത്ത് കഴിഞ്ഞ പത്തുമുപ്പതു വർഷം കൊണ്ട് ഷിൻജാങിലെ ഹാൻ ജനസംഖ്യാപ്രാതിനിധ്യം എട്ടു ശതമാനത്തിൽ നിന്ന് 40 % ആയി കൂടിയിട്ടുണ്ട്.
ഷിൻജാങ്ങിൽ ചൈനീസ് സർക്കാർ ഹാൻ വംശജരെ കൂടുതൽ കുട്ടികളുണ്ടാകാൻ പ്രോത്സാഹിപ്പിക്കുമ്പോൾ, ഇവിടെത്തന്നെ ഉയ്‌ഗർ മുസ്ലീങ്ങൾക്കുമേൽ മേൽ കടുത്ത ഗർഭനിരോധന നടപടികളാണ് ചൈനീസ് സർക്കാർ അടിച്ചേൽപ്പിക്കുന്നത്. അതിന്റെ ഭാഗമായി ചൈന ഉയ്‌ഗർ സ്ത്രീകളിൽ ഐ.യു.ഡി അഥവാ ‘ഇൻട്രാ യൂട്ടറൈൻ ഡിവൈസു’കളും പുരുഷന്മാരിൽ നിർബന്ധിതവന്ധ്യംകരണവും ഒക്കെ വ്യാപകമായി നടത്തി വരുന്നു. 2014 -ൽ സിൻജിയാങ്ങിലെ ഉയ്‌ഗർ സ്ത്രീകളിൽ രണ്ടുലക്ഷം ഐയുഡികളാണ് ഗവണ്മെന്റ് വക നിക്ഷേപം ഉണ്ടായിരുന്നതെങ്കിൽ അത് 2018 ആയപ്പോഴേക്കും 60 ശതമാനത്തിലധികം ഉയർന്ന് ൩,30,000 ഐയുഡികളായി. അങ്ങനെ ഒരുവശത്തൂടെ ഉയ്‌ഗറുകളെ ജനനം നിയന്ത്രിക്കാൻ നിർബന്ധിച്ചും, മറുവശത്ത് ഷിൻജാങിലെ തന്നെ ഹാൻ വംശജർക്ക് കൂടുതൽ സന്താനങ്ങളെ ഉത്പാദിപ്പിക്കാൻ പ്രോത്സാഹനം നൽകിയും അവിടത്തെ ഡെമോഗ്രാഫിക്‌സ് പാടെ മാറ്റാനുള്ള ബോധപൂർവമായ ശ്രമങ്ങൾ പതിറ്റാണ്ടുകളായി സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്.
വിളിക്കാതെ വന്നുകേറുന്ന സർക്കാർ അതിഥികൾ
2017 -ന്‍റെ അവസാനത്തോടെ പുതിയൊരു നയം കൂടി ചൈനീസ് സർക്കാർ ഷിൻജാങ്ങിൽ നടപ്പിൽ വരുത്താൻ തുടങ്ങി. ‘ജോഡിയാക്കി കുടുംബമാക്കുക’ (Pair Up and Become Family) എന്നായിരുന്നു പുതിയ നയത്തിന്റെ പേര്. ഷിൻജാങിലെ ഉയ്‌ഗർ മുസ്ലിം കുടുംബങ്ങളിലേക്ക് സർക്കാർ പ്രതിനിധികളെ പറഞ്ഞയക്കുക.. ഈ പ്രതിനിധികൾ ഉയ്‌ഗർ വീടുകളിൽ കയറിതാമസിച്ചുകൊണ്ട് അവരെ ചൈനീസ് സംസ്കാരം പഠിപ്പിക്കുക ഇതാണ് പരിപാടി. ഇതിന്റെ ഒരു തമാശ എന്താണെന്നുവെച്ചാൽ, ഇങ്ങനെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധികൾ ചെന്നുകേറുന്ന പല ഉയ്‌ഗർ കുടുംബങ്ങളിലെയും കുടുംബനാഥന്മാരെ അതിനകം തന്നെ റീ എജുക്കേഷൻ ക്യാമ്പുകളിൽ അടച്ചിട്ടുണ്ടാകും അവർ. അവർ ക്യാമ്പിൽ കിടന്നു ചൈനീസ് സംസ്കാരം പഠിക്കുമ്പോൾ, അവരുടെ വീട്ടിലേക്ക് രണ്ടു പാർട്ടി അംഗങ്ങളെ പറഞ്ഞുവിട്ട് വീട്ടിലിരിക്കുന്നവരെക്കൂടി പുരോഗമിപ്പിക്കുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇങ്ങനെ പുരുഷന്മാര്‍ ക്യാമ്പിൽ തടങ്കലിലായിരിക്കുന്ന പല വീടുകളിലും സർക്കാർ പറഞ്ഞയക്കുന്ന, പാർട്ടി വക ‘റിലേറ്റീവ്’ നിര്ബന്ധമായി വന്നുകേറി താമസം തുടങ്ങുകയും, വന്ന അന്നുതൊട്ടുതന്നെ ഈ ബന്ധു ആ വീട്ടിലെ സകല കാര്യങ്ങളിലും കേറി ഇടപെടുകയും ചെയ്യുന്നു. ഓരോ വീട്ടിലും മാസം ഒരു ആറ് ദിവസമെങ്കിലും ഇങ്ങനെ സർക്കാർ വക ബന്ധുക്കൾ വന്നു താമസിക്കുന്ന പതിവുണ്ട് ഷിൻജാങ്ങിൽ. പകല്‍ മാത്രമല്ല, രാത്രികളിലുംഈ ബന്ധുക്കളെ അവിടെ പൊറുപ്പിക്കണം ഉയ്‌ഗർ കുടുംബങ്ങൾ. അങ്ങനെ 24 മണിക്കൂറും കൂടെത്തന്നെ കഴിഞ്ഞ് കുടുംബത്തിന് പുതിയ ആശയസംഹിതകളും ആശയങ്ങളും പഠിപ്പിക്കും. അവരോട് ആദർശ ചൈനീസ്ജീവിതത്തെ കുറിച്ച് സംസാരിക്കും. വീട്ടുകാരോടൊത്ത്ഭക്ഷണം കഴിക്കുക മാത്രമല്ല. രാത്രിയില്‍ ഈ വീട്ടിലെ സ്ത്രീകള്‍ക്കൊപ്പം ഒരേ കിടക്കയില്‍ തന്നെയാണ് ഇങ്ങനെ വരുന്ന അതിഥികൾ കിടന്നുറങ്ങുന്നതും. ഇങ്ങനെ വന്നുകേറുന്ന അതിഥികൾ ഉയ്‌ഗർ മുസ്ലിം ഭവനങ്ങളിലെ സ്ത്രീകളെ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാക്കിയ നിരവധി കേസുകളുണ്ട്. വീട്ടിലെ പുരുഷന്മാര്‍, ഈ വന്നെത്തിയ ബന്ധുക്കളുടെ നിയന്ത്രണത്തിൽ, അവിടെ ക്യാമ്പിൽ തടവിലാണ് എന്ന സത്യം നിലനിൽക്കെ അവരുടെ അതിക്രമങ്ങൾക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാനുള്ള ധൈര്യം ഉയ്‌ഗർ സ്ത്രീകൾക്കുണ്ടാവാറില്ല. ഉയ്‌ഗറുകൾ പരമ്പരാഗത മുസ്ലിം ചിട്ടകൾക്ക് വലിയ വിലകൊടുക്കുന്നവരാണ്. അവർക്ക് മദ്യം നിഷിദ്ധമാണ്. എന്നാൽ, ഈ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളായി ഉയ്‌ഗറുകളുടെ വീട്ടില്‍ തങ്ങാനെത്തുന്ന ബന്ധുക്കൾ പലരും വീട്ടിലിരുന്ന്, ഹറാമായിട്ടുള്ള മദ്യവും പോർക്കുമൊക്കെ ഒക്കെ അകത്താക്കാറുണ്ട്. അതൊക്കെ കഴിക്കാന്‍ വീട്ടുകാരെയും പലപ്പോഴും നിർബന്ധിക്കും. പല ഉയിഗുര്‍ വംശജരും ഇങ്ങനെ ‘ഇതാ എന്‍റെ പുതിയ ബന്ധു’ എന്ന മട്ടില്‍ അതിഥികളോടൊത്തുള്ള ഫോട്ടോകൾ സാമൂഹ്യമാധ്യമങ്ങളിലും മറ്റും പങ്കിടാൻ നിർബന്ധിതരാവുന്നുമുണ്ട്.സർക്കാർ ഇതിനെ ‘റേഷ്യൽ ഇന്റഗ്രിഷൻ’ എന്ന് വിളിക്കുമ്പോൾ ‘അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനം ‘എന്നാണ് ഉയ്‌ഗർ ആക്ടിവിസ്റ്റുകൾ ഇതിനെ വിശേഷിപ്പിച്ചത്. മ്യൂണിച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഉയിഗുര്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് പറയുന്നത്’ Pair Up and Become family ‘ എന്ന ഈ കാമ്പയിന്‍ പാവപ്പെട്ട ഉയ്‌ഗർ മുസ്ലിങ്ങളുടെ സ്വകാര്യതയിലേക്കും സുരക്ഷിതത്വത്തിലേക്കും സ്വൈരജീവിതത്തിലേക്കുമുള്ള നിര്ലജ്ജമായ കടന്നുകയറ്റമാണ് എന്നാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ചൈനയിലുടനീളമുള്ള ഫാക്ടറികളിൽ ജോലി ചെയ്യുന്നതിനായി 80,000 -ത്തിലധികം ഉയിഗുറുകളെയാണ് ക്യാമ്പുകളിൽ നിന്നും, വീടുകളിൽനിന്നും അടർത്തിമാറ്റിയത്. തടവുകാർ ക്യാമ്പുകളിൽ നിന്ന് ‘ബിരുദം’ നേടുമ്പോൾ, അവരെ ഫാക്ടറികളിൽ ജോലിക്ക് അയയ്ക്കുന്നു. ചൈനയുടെ കിഴക്കൻ പ്രവിശ്യകളിലുള്ള ഫാക്ടറികളിൽ ജോലി ചെയ്യാനാണ് ഭരണകൂടം അവരെ അയയ്ക്കുന്നത്. മിക്കവരെയും ബലപ്രയോഗത്തിലൂടെ അവിടേയ്ക്ക് തള്ളിവിട്ടത്. ജോലി നിയമനങ്ങൾ നിരസിക്കാനോ, അതിൽ നിന്ന് രക്ഷപ്പെടാനോ ഉയിഗുറുകൾക്ക് കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും ഒടുവിലായി പുറത്തു വന്ന അതിക്രമത്തിന്റെ വാർത്ത, ഈ കൊറോണക്കാലത്ത് ഉയിഗൂര്‍ മുസ്ലീങ്ങളെ ചൈനീസ് കമ്പനികള്‍ മാസ്‌ക് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ചൈനയില്‍ ഉപയോഗിക്കാനും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ വന്‍തോതില്‍ മാസ്‌ക് നിര്‍മിക്കുന്നത്. ചൈനീസ് സര്‍ക്കാറാണ് കമ്പനികള്‍ക്ക് ഉയിഗൂര്‍ മുസ്ലീങ്ങളെ തൊഴിലെടുക്കാനായി വിട്ടു നല്‍കുന്നത്. ഉയിഗൂര്‍ മുസ്ലീങ്ങളുടെ അനുവാദമില്ലാതെയാണ് ഇങ്ങനെ തൊഴില്‍ എടുപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്താരാഷ്ട്ര പ്രതികരണങ്ങൾ, ചൈനയുടെ ധാർഷ്ട്യം
ഉയ്‌ഗർ മുസ്ലീങ്ങൾക്കെതിരെ ചൈന നടത്തുന്ന ഈ അതിക്രമങ്ങൾക്കെതിരെ അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളും അപലപിക്കുകയും അതിന്റെ പേരിൽ ഉപരോധങ്ങളും വിസവിലക്കുകളും ഒക്കെ ഏർപ്പെടുത്തിയിട്ടുണ്ട് എങ്കിലും, ഉയ്‌ഗർ വിഷയം തങ്ങളുടെ ആഭ്യന്തര പ്രശ്നമാണ് എന്നും അതിൽ ആരും ഇടപെട്ട് അഭിപ്രായം പാസാക്കേണ്ട എന്നുമുള്ള നിലപാടാണ് ചൈനയ്ക്കുള്ളത്. എന്തൊക്കെ തെളിവുകൾ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ മാധ്യമങ്ങൾ നിരത്തിയിട്ടും, ഈ വിഷയത്തിൽ ചൈനയോട് മുട്ടാൻ ഒരു രാജ്യവും തയ്യാറല്ല. അതുകൊണ്ടുതന്നെ ചൈനീസ് ഗവണ്മെന്റ് പട്ടാപ്പകൽ നടത്തുന്ന ഈ അതിക്രമങ്ങൾ സമീപ ഭാവിയിലൊന്നും അവസാനിക്കും എന്നും തോന്നുന്നില്ല.
ഇത്രയും പറഞ്ഞുകേട്ടപ്പോൾ തന്നെ വല്ലാത്ത അങ്കലാപ്പും സംഭ്രമവുമൊക്കെ മനസ്സിൽ തോന്നുന്നുണ്ട്. അല്ലേ? അപ്പോൾ ചൈനീസ് ഗവണ്മെന്റിന്റെ ഈ പീഡനങ്ങൾ സഹിച്ചുകൊണ്ട് അവിടെ കഴിഞ്ഞു കൂടാൻ വിധിക്കപ്പെട്ട ഉയ്‌ഗർ ജനതയുടെ നിസ്സഹായാവസ്ഥ എന്തായിരിക്കും? അല്ലെങ്കിലും മനുഷ്യന് തന്റെ സഹജീവികളോട് പ്രവർത്തിക്കുന്ന ക്രൂരതകൾ പലപ്പോഴും നമുക്ക് ചിന്തിക്കാനാവുന്നതിലും എത്രയോ അപ്പുറത്താണ്. മറ്റൊരു വല്ലാത്ത കഥയുമായി ഇനിയും വരാം. ഇത്രയും പറഞ്ഞുകേട്ടപ്പോൾ തന്നെ വല്ലാത്ത അങ്കലാപ്പ് മനസ്സിൽ തോന്നുന്നുണ്ട്. അല്ലേ? അപ്പോൾ ചൈനീസ് ഗവണ്മെന്റിന്റെ ഈ പീഡനങ്ങൾ സഹിച്ചുകൊണ്ട് അവിടെ കഴിഞ്ഞു കൂടാൻ വിധിക്കപ്പെട്ട ഉയ്‌ഗർ ജനതയുടെ അവസ്ഥ എത്ര പരിതാപകരമാണ്? അല്ലെങ്കിലും മനുഷ്യന് തന്റെ സഹജീവികളോട് പ്രവർത്തിക്കുന്ന ക്രൂരതകൾ പലപ്പോഴും നമുക്ക് ചിന്തിക്കാനാവുന്നതിലും എത്രയോ അപ്പുറത്താണ്.