ബെംഗളൂരു: ബെംഗളൂരു സംഘര്‍ഷത്തില്‍ കൂടുതല്‍ പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലറുടെ ഭര്‍ത്താവടക്കം 60 പേര്‍ കൂടിയാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 206 ആയി.
സംഘര്‍ഷം നടന്ന സ്ഥലത്തെ തൊട്ടടുത്ത പ്രദേശമായ നാഗ് വാരയിലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ ഭര്‍ത്താവ് കലീം പാഷയാണ് അറസ്റ്റിലായത്. ആക്രമം നടന്ന പ്രദേശങ്ങളിലൊന്നായ ഡിജെ ഹള്ളിയിൽ നിന്നാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അക്രമണവുമായി ബന്ധപ്പെട്ട് നേരത്തെ എസ്ഡിപിഐ നേതാക്കള്‍ അറസ്റ്റിലായിരുന്നു.
ചൊവ്വാഴ്ചയാണ് ബെംഗളൂരുവില്‍ ആക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. കരുതികൂട്ടിയുള്ള അക്രമണമാണെന്നാണ് സര്‍ക്കാര്‍ നിഗമനം. 11 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പുലികേശി നഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു സാമൂഹികമാധ്യമത്തില്‍ വിദ്വേഷ പോസ്റ്റിട്ടതിനെത്തുടര്‍ന്നാണ് ഡി.ജെ. ഹള്ളി, കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനുകള്‍ക്കുനേരെയും കാവല്‍ബൈരസന്ദ്രയിലെ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിനുനേരെയും ആക്രമണമുണ്ടായത്.
200-ഓളം വാഹനങ്ങള്‍ കത്തിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുയുവാക്കളാണ് മരിച്ചത്.