ശീതീകരിച്ച ചിക്കനിലും ചെമ്മീനിലും കൊറോണവൈറസ് കണ്ടെത്തിയത് ആശങ്ക പടർത്തുന്നു. ചൈനയിലെ ബീജിങ്ങിലും ഷാങ്ഹായിയിലുമാണ് ശീതീകരിച്ച പാക്കറ്റുകളിൽ ഇറക്കുമതി ചെയ്ത ചിക്കനിലും ചെമ്മീനിലും കൊറോണവൈറസ് കണ്ടെത്തിയത്. പാക്കറ്റിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. ഇത്തരത്തിൽ ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിൽ വൈറസ് സ്ഥിരീകരിച്ചത് വീണ്ടും രോഗവ്യാപനത്തിന് ഇടയാക്കുമോയെന്ന ആശങ്കയിലാണ് അധികൃതർ.
ബ്രസീലിലെ തെക്കൻ നഗരമായ ഷെൻഷെനിലേക്ക് ഇറക്കുമതി ചെയ്ത ഫ്രീസുചെയ്ത ചിക്കനിൽ നിന്ന് എടുത്ത സാമ്പിളും വടക്കുപടിഞ്ഞാറൻ ഷിയാൻ നഗരത്തിൽ വിൽക്കുന്ന ഫ്രീസുചെയ്ത ഇക്വഡോറിൽനിന്നുള്ള ചെമ്മീന്റെ പുറം പാക്കേജിംഗിന്റെ സാമ്പിളുകളുമാണ് കൊറോണവൈറസ് പരിശോധനയിൽ പോസിറ്റീവായതെന്ന് അധികൃതർ അറിയിച്ചു.
കിഴക്കൻ അൻഹുയി പ്രവിശ്യയിലെ ഒരു നഗരത്തിൽ ഇക്വഡോറിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീൻ പാക്കേജിലും കൊറോണവൈറസ് കണ്ടെത്തി 24 മണിക്കൂറിനകമാണ് ബ്രസീലിൽനിന്ന് എത്തിച്ച ചിക്കനിലും വൈറസ് കണ്ടെത്തിയത്. ഇതോടെ ചൈനീസ് തുറമുഖങ്ങളിൽ ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതിക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ചിക്കൻ, ചെമ്മീൻ ഇറക്കുമതിയുമായി ബന്ധപ്പെട്ട തുറമുഖങ്ങളിലെയും ഇറക്കുമതി ഏജൻസി കമ്പനികളിലെയും മുഴുവൻ ആളുകളെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഇവരിൽ ഇതുവരെ വന്ന ഫലങ്ങളെല്ലാം നെഗറ്റീവാണെന്നത് ആശ്വാസകരമായി.
ഇറക്കുമതി ചെയ്ത ചിക്കനിൽ കൊറോണവൈറസ് സ്ഥിരീകരിച്ച സംഭവത്തിൽ ബീജിങ്ങിലെ ബ്രസീൽ എംബസി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്വഡോർ എംബസിയും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാരായിട്ടില്ല. ഈ രണ്ടു രാജ്യങ്ങളിലെയും ഇറക്കുമതിക്ക് കർശന നിരീക്ഷണം ഏർപ്പെടുത്താനാണ് ചൈനീസ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.