കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് കമലയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ട്വിറ്ററിലാണ് ജോ ബൈഡന്‍ കമലാ ഹാരിസിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. “ഞാൻ കമല ഹാരിസിനെ തിരഞ്ഞെടുത്തു. കമല നിർഭയയായ പോരാളിയും രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവർത്തകരിൽ ഒരാളുമാണ്” എന്നായിരുന്നു ബൈഡന്‍റെ ട്വിറ്റര്‍ കുറിപ്പ്.
അമേരിക്കയിൽ നിന്നുള്ള അഭിഭാഷകയും രാഷ്ട്രീയ പ്രവർത്തകയുമാണ് കമല. അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയും. നവംബറില്‍ ആണ് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററാണ് കമലാ ഹാരിസ്.
അമ്മ ഇന്ത്യക്കാരിയാണ് എന്നതാണ് കമല ഹാരിസിന്‍റെ ഇന്ത്യന്‍ ബന്ധം. 1960കളില്‍ അമേരിക്കയിലേക്കു കുടിയേറിയ തമിഴ്‌നാട് ചെന്നൈ സ്വദേശിയായ ശ്യാമള ഗോപാലനാണ് കമലയുടെ അമ്മ. അറിയപ്പെടുന്ന സ്തനാര്‍ബുദ ഗവേഷക. 2009 ല്‍ അര്‍ബുദം ബാധിച്ചാണ് അവര്‍ മരിച്ചത്. കുടിയേറ്റത്തെയും തുല്യ അവകാശങ്ങളെയും കുറിച്ച് കമലയ്ക്കുള്ള കാഴ്ചപ്പാടില്‍ ശ്യാമളയുടെ വ്യക്തമായ സ്വാധീനമുണ്ട്. കമലയുടെ മുത്തച്ഛന്‍ പി വി ഗോപാലന്‍ സിവില്‍ സര്‍വീസിലായിരുന്നു.
ജമൈക്കന്‍ വംശജനായ ഡോണള്‍ഡ് ഹാരിസ് ആണ് പിതാവ്. വിരമിച്ചെങ്കിലും സ്റ്റാന്‍ഫഡ് യൂണിവേഴ്‍സിറ്റിയില്‍ ഇക്കണോമിക്സ് പ്രൊഫസര്‍ ആയി തുടരുകയാണ് 82 കാരനായ ഡോണള്‍ഡ് ഹാരിസ് ഇപ്പോഴും.
ആക്ടിവിസമാണ് ഡോണള്‍ഡ് ഹാരിസിനെയും ശ്യാമള ഗോപാലനെയും ഒരുമിപ്പിച്ചത്.. തുടര്‍ന്ന് പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. പക്ഷേ കമലയുടെ നന്നേ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു.
കാലിഫോര്‍ണിയയിലെ ഓക്‍ലാന്‍ഡിലാണ് കമല ജനിച്ചത്. വളര്‍ന്നത് ബേര്‍ക്‍ലിയില്‍. ഹാവാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദവും നേടിയിട്ടുണ്ട് കമല.
അലമെയ്ഡ കൌണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസില്‍ അഭിഭാഷകയായിട്ടാണ് കമലയുടെ തുടക്കം. 2003 ല്‍ സാന്‍ഫ്രാന്‍സിസ്കോ പ്രോസിക്യൂട്ടര്‍ പദവി, 2011 മുതൽ 2017 വരെ കാലിഫോർണിയയുടെ ആറ്റോണി ജനറൽ. ആദ്യമായിട്ടാണ് വെള്ളക്കാരല്ലാത്തയാള്‍ ആ പദവിയിലെത്തുന്നത്. ആ പദവിയിലെത്തുന്ന ആദ്യ വനിതയും കമലയായിരുന്നു.
2017ലാണ് കമല സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. സെനറ്റില്‍ സാമൂഹിക നീതിയുടെ വക്താവായി നിലകൊണ്ട വ്യക്തിയാണ് കമല. പൊലീസ് സേനയെ നവീകരിക്കുന്നതിനും കമലയുടെ തീവ്ര സ്വാധീനം ഉണ്ടായിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ കത്തിപ്പടരുന്ന വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുള്ള കമല സെനറ്റില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെ നിരന്തരം പോരാടി. ദി സെലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സ്, കമ്മറ്റി ഒണ്‍ ദി ജുഡീഷ്യറി, ബഡ്ജറ്റ് കമ്മറ്റി അടക്കമുള്ളവയില്‍ കമല സാന്നിധ്യമറിയിച്ചിട്ടുണ്ട്. ദ ട്രൂത്‍സ് വി ഹോള്‍ഡ് എന്ന പേരില്‍ 2018ല്‍ തന്‍റെ ആത്മകഥ പുറത്തിറക്കിയിട്ടുണ്ട് കമല. ഡഗ്‌ളസ് എം കോഫാണ് കമലയുടെ ഭര്‍ത്താവ്.