കൊവിഡ് പ്രതിരോധത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് സർക്കാരിന്റെ പുതിയ ഉത്തരവ്

0
202

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് സർക്കാരിന്റെ പുതിയ ഉത്തരവ്. പ്രധാന ചുമതലകൾ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ പുതിയ ഉത്തരവിറങ്ങി. പൊലീസിന്റെ ചുമതല കണ്ടെയ്ന്‍മെന്‍റ്  സോൺ നിയന്ത്രണം മാത്രമാകുമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. കണ്ടെയ്ന്‍മെന്റ് സോൺ നിർണയവും, കൊവിഡ് വിവര ശേഖരണവും ദുരന്ത നിവാരണ അതോറിറ്റിയാകും നടത്തുകയെന്നാണ് റവന്യു പ്രിൻസിപ്പൾ സെക്രട്ടറിയുടെ ഉത്തരവ്.

സമ്പർക്ക ഉറവിടം കണ്ടെത്തലടക്കം പൊലീസിനെ ഏൽപ്പിച്ചു ചീഫ് സെക്രട്ടറി നേരത്തെ നിർദേശം നൽകിയിരുന്നു. ഈ നിർദേശം നിലനിൽക്കെയാണ് പുതിയ ഉത്തരവെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. ഇതിനിടെ വിഷയത്തിൽ വിശദീകരണവുമായി റവന്യു സെക്രട്ടറി തന്നെ രം​ഗത്തെത്തി. പൊലീസിനെ ഒഴിവാക്കിയെന്നത് ശരിയല്ലെന്നും പൊലീസുമായി സഹകരിച്ചാവും ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനമെന്നും റവന്യു സെക്രട്ടറി വിശദീകരിക്കുന്നു.

കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള ചുമതലയായിരിക്കും പൊലീസിന്. താഴെ തട്ടിലുള്ള വിവരശേഖരണമടക്കമുള്ള കാര്യങ്ങൾ ദുരന്ത നിവാരണ സേനയായിരിക്കും കൈകാര്യം ചെയ്യുക. കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിയന്ത്രണം നടപ്പാക്കും മുൻപ് പൊതുജനത്തെ അറിയിക്കണമെന്നും പുതിയ ഉത്തരവിൽ നിഷ്കർഷിക്കുന്നു. 

കൊവിഡ് വിവരശേഖരണവും കണ്ടെയ്ൻമെന്‍റ്  സോൺ നിർണ്ണയവും അടക്കമുള്ള ജോലികൾ പൊലീസിനെ ഏൽപ്പിച്ചതിനെതിരെ വ്യാപക അതൃപ്തി വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു. രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ചുമതല ആരോഗ്യപ്രവർത്തകരിൽ നിന്ന് മാറ്റി പൊലീസുകാരെ ഏല്പിച്ച തീരുമാനം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പലകാര്യങ്ങളിലും അവ്യക്തതയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here