2010-ലെ ദുരന്തത്തിനുശേഷം കനത്ത മഴയുള്ളപ്പോള്‍ മംഗളൂരുവില്‍ വിമാനം ഇറക്കാറില്ലെന്ന് അധികൃതര്‍

0
197

മംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 2010-ല്‍ അപകടത്തില്‍പ്പെട്ടതിനു ശേഷം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മഴയുള്ള സമയത്ത് വിമാനങ്ങള്‍ ഇറക്കാന്‍ അനുവദിക്കാറില്ലെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ വി.വി റാവു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മലഞ്ചരിവില്‍ നിര്‍മിച്ച വിമാനത്താവളം ആയതിനാലും ടേബിള്‍ ടോപ്പ് റണ്‍വെ ആയതിനാലും മഴയുള്ളപ്പോള്‍ പൈലറ്റുമാരുടെ കാഴ്ച തടസപ്പെടാനും വിമാനം തെന്നിമാറാനുമുള്ള സാധ്യത കണക്കിലെടുക്കാണ് ഡിജിസിഎ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വിമാനത്താവളത്തില്‍ ഇന്‍സ്ട്രമെന്റ് ലാന്‍ഡിങ് സംവിധാനം ഉണ്ടായിട്ടുപോലും ബെംഗളൂരുവില്‍നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിന് കനത്ത മഴയ്ക്കിടെ ഇന്നും ലാന്‍ഡിങ്ങിന് അനുമതി നല്‍കിയില്ലെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

2010 മെയ് 22-നാണ് ദുബായില്‍നിന്ന് എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 – 800 വിമാനം മംഗളൂരു വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട് 158 പേര്‍ മരിക്കാനിടയായത്. ഇതിനുശേഷം യാത്രാ വിമാനങ്ങളും ചരക്ക് വിമാനങ്ങളും ഇറങ്ങുന്നതും പറന്ന് ഉയരുന്നതുമായി ബന്ധപ്പെട്ട് ഡിജിസിഎ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ, കോഴിക്കോട്ടും മംഗളൂരുവിലും നടന്ന അപകടങ്ങള്‍ വിമാനങ്ങള്‍ ടേബിള്‍ ടോപ്പ് റണ്‍വേ മറികടന്ന് താഴ്ചയിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ഉണ്ടായവയാണെങ്കിലും അവതമ്മില്‍ താരതമ്യപ്പെടുത്താന്‍ സമയമായിട്ടില്ലെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി ഇന്ന് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞത്. മംഗളൂരുവില്‍ നടന്ന അപകടത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാതെ കോഴിക്കോട്ട് നടന്ന ദുരന്തത്തെ മംഗളൂരുവിലേതുമായി താരതമ്യപ്പെടുത്താനാവില്ല. ടേബിള്‍ ടോപ്പ് റണ്‍വേകള്‍ പല സ്ഥലത്തുമുണ്ട്. അവ പൈലറ്റുമാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്നകാര്യം സത്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. 

2010-ല്‍ മംഗളൂരുവില്‍ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 152 യാത്രക്കാരും ആറ് ജീവനക്കാരും  അപകടത്തില്‍ മരിച്ചു. എട്ടു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ആസൂത്രണത്തിലെയും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിലെയും വീഴ്ചകളുടെ ഫലമായാണ് മംഗളൂരുവില്‍ വിമാന ദുരന്തമുണ്ടായതെന്ന് എന്‍വയോണ്‍മെന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ് എന്ന സന്നദ്ധ സംഘടനയുടെ കോ ഓര്‍ഡിനേറ്റര്‍ ലിയോ സാള്‍ധന ആരോപിച്ചു. ടേബിള്‍ ടോപ്പ് റണ്‍വേ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ ഡിജിസിഎ, എയര്‍പോര്‍ട് അതോറിറ്റി, കേന്ദ്ര വ്യോമയാന മന്ത്രാലയം, കര്‍ണാടക സര്‍ക്കാര്‍ എന്നിവരാണ് ദുരന്തത്തിന്റെ ഉത്തരവാദികളെന്നും ലിയോ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here