കൊല്ലം (www.mediavisionnews.in) :ആർ.എസ്.എസ് പ്രവർത്തകൻ കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ കൊല്ലം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി ഒമ്പത് ആർ.എസ്.എസുകാർക്ക് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു.
കടവൂർ വലിയങ്കോട്ടു വീട്ടിൽ ജി. വിനോദ് (42), കൊറ്റങ്കര ഇടയത്തുവീട്ടിൽ ജി. ഗോപകുമാർ (36), കടവൂർ താവറത്തുവീട്ടിൽ സുബ്രഹ്മണ്യൻ (39), വൈക്കം താഴതിൽ പ്രിയരാജ് (39), പരപ്പത്തുവിള തെക്കതിൽ പ്രണവ് (29), കിഴക്കടത്ത് എസ് അരുൺ (34), മതിലിൽ അഭി നിവാസിൽ രജനീഷ് (31), ലാലിവിള വീട്ടിൽ ദിനരാജ് (31), കടവൂർ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ആർ ഷിജു (36) എന്നിവർക്കാണു ശിക്ഷ.
പ്രതികൾ കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തുടർന്നു ഇവരെ മാവേലിക്കര സബ് ജയിലിലേക്കു റിമാൻഡ് ചെയ്യുന്നതിനു മുൻപ് കോവിഡ് ടെസ്റ്റിനു വിധേയമാക്കിയിരുന്നു. പ്രതികളിൽ രണ്ട് പേർക്കു കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചതോടെ പ്രതികളെ കോടതിയിലെത്തിക്കാതെ വിഡിയോ കോൺഫറൻസ് വഴിയാണു വിധി പറഞ്ഞത്.
2012 ഫെബ്രുവരി ഏഴിനു കടവൂർ ജംക്ഷനിൽ വച്ചാണു കടവൂർ ജയൻ എന്ന തൃക്കടവൂർ കോയിപ്പുറത്തുവീട്ടിൽ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കടവൂർ ജംക്‌ഷന് സമീപം വെച്ച് പട്ടാപ്പകൽ ഒൻപതംഗ സംഘം ജയനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഘടന വിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.