ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട യുവാവിനെ മരിച്ചോ എന്ന് ഉറപ്പ് വരുത്താന്‍ അക്രമികള്‍ ഇദ്ദേഹത്തെ തീകൊളുത്തിയെന്ന് ദല്‍ഹി പൊലീസ് ദല്‍ഹി കോടതിയില്‍ അറിയിച്ചു.
യുവാവ് മുസ്‌ലിം സമുദായത്തില്‍പ്പെട്ട ആളാണ് എന്ന് അറിഞ്ഞ അക്രമികള്‍ യുവാവിനെ ആക്രമിക്കുകയും ബോധരഹിതനായി വീണ യുവാവ് ” യഥാര്‍ത്ഥത്തില്‍ മരിച്ചോ അതോ ബോധരഹിതനായി അഭിനിയിക്കുകയാണോ” എന്നറിയാന്‍ അക്രമികള്‍ തീയിടുകയായിരുന്നെന്നും പൊലീസ് പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊലപാതകത്തിലെ പ്രതിയായ രാഹുല്‍ ശര്‍മയുടെ (24) ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോഴാണ് ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമേ ഷഹബാസിന്റെ ഐഡന്റിറ്റി സ്ഥാപിക്കാന്‍ കഴിയൂ എന്ന് പൊലീസ് കോടതിയെ അറിയിച്ചു.
തലയോട്ടി, അസ്ഥികള്‍ എന്നിവ മാത്രമാണ് പൊലീസ് ഇതുവരെ കണ്ടെത്തിയത്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് രാഹുലിന്റെ ജാമ്യം തള്ളി. കേസില്‍ അഞ്ച് പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.