കൊറോണ വൈറസ് ലോകത്ത് നാശം വിതയ്ക്കുന്നതിനിടെ ചൈനയില്‍ മറ്റൊരു വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഒരു തരം ചെള്ള് കടിക്കുന്നതുമൂലം ഉണ്ടാകുന്ന വൈറസ് ചൈനയിൽ വ്യാപിക്കുന്നതായാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ ഈ വൈറസ് ബാധ മൂലം ഏഴ് പേർ മരിക്കുകയും അറുപതിലധികം പേർ രോഗബാധിതരാവുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘Severe Fever with Thrombocytopenia Syndrome Bunya Virus’ അഥവാ ‘SFTSV’ എന്ന വൈറസ് ആണ് പുതിയതായി ചൈനയില്‍ കാണപ്പെട്ടത്. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ മുപ്പത്തിയേഴിലധികം പേർക്ക് ജൂണിൽ എസ്എഫ്ടിഎസ് വൈറസ് ബാധിച്ചതായും പിന്നീട് അൻഹൂയി പ്രവിശ്യയിലെ 23 പേർ കൂടി രോഗബാധിതരായെന്നും റിപ്പോർട്ടില്‍ പറയുന്നു. ജിയാങ്‌സുവിന്റെ തലസ്ഥാനമായ നാൻജിങ്ങിലെ ഒരു സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
പനിയും ചുമയും ആയിരുന്നു ഇവരുടെ ലക്ഷണങ്ങള്‍. പരിശോധനയില്‍ ഇവരുടെ രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെയും ല്യൂക്കോസൈറ്റിന്റെയും എണ്ണം കുറയുന്നതായി ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ ആശുപത്രി വിട്ടെങ്കിലും പിന്നീട് ഏഴുപേരുടെ മരണത്തിന് ഈ വൈറസ് കാരണമായി.
എന്നാല്‍ എസ്എഫ്ടിഎസ് വൈറസ് പുതിയ വൈറസ് അല്ലെന്നും 2011ൽ ബുനിയ വൈറസ് വിഭാഗത്തിൽപ്പെടുന്ന ഇതിന്റെ പതോജെനുകളെ ചൈനീസ് ഗവേഷകർ വേർതിരിച്ചതാണെന്നും ചൈനീസ് അധികൃതർ പറയുന്നു. ചെള്ളിൽ നിന്നു മനുഷ്യനിലേക്ക് പകർന്നിരിക്കാനിടയുള്ള ഈ വൈറസ്, മനുഷ്യനിൽ നിന്നു മനുഷ്യനിലേക്കും പകരാമെന്നും വൈറോളജിസ്റ്റുകൾ കരുതുന്നു.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് തന്നെയാണ് ഷെജിയാങ് സർവകലാശാലയ്ക്കു കീഴിലുള്ള ആശുപത്രിയിലെ ഡോക്ടറായ ഷെങ് ജിഫാങും പറയുന്നത്. രോഗിയുടെ രക്തത്തിലൂടെയും മ്യൂക്കസിലൂടെയും രോഗം പകരാം. രോഗം പകരാനുള്ള പ്രധാന കാരണം ചെള്ളിന്‍റെ കടിയേൽക്കുന്നത് മൂലമാണെന്നും ഡോക്ടര്‍ പറയുന്നു.