കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്നും കോവിഡ് മരണം. പരിയാരത്ത് ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ ആയിറ്റിയിലെ എ.പി. അബ്ദുല്‍ ഖാദര്‍ (62) ആണ് മരിച്ചത്. കാന്‍സര്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കാന്‍സറിനെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരത്ത് പ്രവേശിപ്പിച്ചതായിരുന്നു. ഇവിടെ വെച്ചുള്ള പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഭാര്യ: മറിയുമ്മ. മക്കള്‍: ഹസീന, ഹാഷിബ. മരുമക്കള്‍: സൈനുല്‍ ആബിദ്, ഇസ്മായില്‍.
ചാലിങ്കാൽ എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീൻ (52) ആണ് ഇന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു കോവിഡ് മരണം. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
വൃക്കസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ചികിത്സ. പിന്നീട് പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്കും ഭാര്യക്കും കൊവിഡ് സ്ഥീരികരിച്ചിരുന്നു.
ജില്ലയില്‍ നിരവധി പേരാണ് ഇതിനകം കോവിഡ് ബാധിച്ച് മരിച്ചത്. ആദ്യ രണ്ട് ഘട്ടങ്ങളിലും മികച്ച പ്രതിരോധം തീര്‍ത്ത കാസര്‍കോട്ട് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ജൂലൈ 18നായിരുന്നു ജില്ലയിലെ ആദ്യ കോവിഡ് മരണം. തുടര്‍ന്ന് 16 ദിവസത്തിനിടെ 15ഓളം മരണങ്ങളാണ് ഇത്തരത്തില്‍ സംഭവിച്ചത്. കൂടുതലും മരണശേഷം കോവിഡ് സ്ഥിരീകരിക്കുന്നതാണ് എന്നത് ഏറെ ആശങ്ക ജനിപ്പിക്കുന്നുണ്ട്.
തുടര്‍ച്ചയായി സമ്പര്‍ക്കരോഗികളും ജില്ലയില്‍ വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി രോഗബാധിതരുടെ 98 ശതമാനത്തിലേറെ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവയാണ്.