ലക്‌നൗ: അയോധ്യയില്‍ മുസ്‌ലിം മതവിശ്വാസികള്‍ക്ക് പള്ളി നിര്‍മ്മിക്കുന്നതിനായി അനുവദിച്ചുകൊടുത്ത സ്ഥലത്ത് ഉടന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്. ഇതിനായി ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചതായി ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ സഫര്‍ അഹമ്മദ് ഫറൂഖി പറഞ്ഞു.
അയോധ്യയിലെ ധാനിപൂരില്‍ സുപ്രീംകോടതി അനുവദിച്ചുകൊടുത്ത 5 ഏക്കര്‍ ഭൂമിയിലാണ് മസ്ജിദ് നിര്‍മ്മിക്കുന്നത്. മസ്ജിദിനോടനുബന്ധിച്ച് ഇന്തോ-ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററും ലൈബ്രറിയും ആശുപത്രിയും നിര്‍മ്മിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
അഹമ്മദ് ഫറൂഖി തന്നെയാണ് ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരിയും ചെയര്‍മാനും. 15 അംഗ ട്രസ്റ്റില്‍ 9 പേരെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ശേഷിക്കുന്ന ആറ് പേരെ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യ ടൗണില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ധാനിപൂര്‍. 2019 നവംബറിലാണ് ബാബരി മസ്ജിദ്- രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചത്.
തര്‍ക്കപ്രദേശത്ത് രാമക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതും മുസ്‌ലിം മതവിശ്വാസികള്‍ക്ക് പകരം 5 ഏക്കര്‍ ഭൂമി നല്‍കുന്നതുമായിരുന്നു സുപ്രീംകോടതി വിധി.
ആഗസ്റ്റ് 5 നാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമിപൂജ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം ചടങ്ങിലേക്ക് ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ ക്ഷണിക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുതിര്‍ന്ന ബി.ജെ.പി നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവര്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ ആസൂത്രകരാണ്.