ഹാജിമാർ ഇന്ന് മിനായിൽ; അറഫ സംഗമം നാളെ

0
183

റിയാദ്: ദൈവീക വിളിക്കുത്തരം നൽകി “തൽബിയതിന്റെ” മന്ത്രവുമായി സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഹാജിമാർ ഇന്ന് മിനായിൽ ഒത്തു ചേരും. ഇതോടെ ഈ വർഷത്തെ മഹത്തായ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമാകും. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം നാളെയാണ്. തൽബിയത്ത് മന്ത്രങ്ങളാൽ നിറഞ്ഞൊഴുകി മിനയിലേക്കുള്ള പ്രയാണം ഇന്ന് വൈകുന്നേരം വരെ തുടരും. ഇന്ന് ഹാജിമാർക്ക് പ്രത്യേക ആരാധനകളൊന്നുമില്ലെങ്കിലും ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിലേക്കുള്ള തയാറെടുപ്പിലാണ് (തർവിയത്) ഹാജിമാർ.

    ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ എന്നു തുടങ്ങുന്ന തല്‍ബിയത്ത് ചൊല്ലി മക്കയിലെ മസ്‌ജിദുൽ ഹറം പള്ളിക്കു സമീപത്തുള്ള പ്രത്യേക താമസ കേന്ദ്രങ്ങളിൽ നിന്നും അധികൃതർ തയ്യാറാക്കിയ പ്രത്യേക വാഹനത്തിലാണ് ഹാജിമാർ മിനയിലേക്ക് യാത്ര തിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ വളരെ പരിമിതമായ തീർത്ഥാടകരാണെങ്കിലും പാപങ്ങളും സങ്കടങ്ങളും എണ്ണിയെണ്ണി പറഞ്ഞു വിതുമ്പുന്ന ഹൃദയങ്ങൾക്ക് മിനാ താഴ്‌വാരം ഇന്ന് രാത്രി സാക്ഷിയാകും. ഇന്ന് മിനായിൽ ഹാജിമാർ അഞ്ചു നേരത്തെ നിസ്‌കാരം പൂർത്തിയാക്കി അർദ്ധ രാത്രിക്കു ശേഷം അറഫ മൈതാനം ലക്ഷ്യമാക്കി നീങ്ങും. വ്യാഴാഴ്ച്ച രാവിലെയോടെ തന്നെ മുഴുവൻ ഹാജിമാരും അറഫയിൽ എത്തി ചേരും.

സഊദി ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കിയ പ്രത്യേക വാഹങ്ങളിലാണ് അറഫാത്തിൽ ഹാജിമാർ എത്തിച്ചേരുക. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള യാത്രാ സംവിധാനങ്ങളാണ് സജ്ജീകരിച്ചിരുന്നത്. ബസുകളുടെ ആകെ സിറ്റിങ് കപ്പാസിറ്റിയുടെ പകുതി ഹാജിമാരെ മാത്രമേ ഓരോ ബസുകളിലും കയറ്റുകയുള്ളൂ. അറഫ സംഗമത്തിന്റെ ഭാഗമായി നാളെ ദുഹ്ർ നിസ്‌കാര ശേഷം അറഫാ മൈതാനിയിലെ മസ്ജിദുന്നമിറയിൽ അറഫ പ്രഭാഷണവും ഉണ്ടാകും. സഊദി ഉന്നത പണ്ഡിത സഭാംഗവും റോയൽ കോർട്ട് ഉപദേശകരിൽ പ്രധാനിയുമായ ശൈഖ് അബ്ദുല്ല അൽ മനീഅയാണ് അറഫ ഖുത്വുബ നിർവ്വഹിക്കുക.

      നാളെ നടക്കുന്ന അറഫാ സംഗമത്തിത്തിന് ശേഷം ഹാജിമാർ മുസ്‌ദലിഫ ലക്ഷ്യമാക്കി നീങ്ങും. കനത്ത ചൂട് ഹാജിമാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും വേണ്ട സജ്ജീകരണങ്ങൾ അധികൃതർ തന്നെ
കൈക്കൊണ്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here