വധഭീഷണി വന്നതിനുപിന്നാലെ ദക്ഷിണ കന്നഡ കളക്ടർക്ക് സ്ഥലംമാറ്റം

0
155

മംഗളൂരു : വധഭീഷണി വന്നതിന്‌ തൊട്ടുപിന്നാലെ ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ (കളക്ടർ) സിന്ധു ബി. രൂപേഷിന് സ്ഥലംമാറ്റം. ഡോ. കെ.വി.രാജേന്ദ്രയാണ് പുതിയ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ. അനധികൃത കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട് ഒരു വാട്‌സാപ്പ്‌ ഗ്രൂപ്പിൽ നടന്ന ചർച്ചക്കിടെയാണ് ഗ്രൂപ്പ് അംഗങ്ങളിലൊരാൾ കന്നുകാലി കടത്ത്‌ തടയാൻ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് സിന്ധു ബി. രൂപേഷിനെതിരേ വധഭീഷണി മുഴക്കിയത്. അനധികൃത കന്നുകാലി കടത്ത്‌ തടയാൻ സർക്കാർ സംവിധാനപ്രകാരം കർശന നടപടിയെടുക്കുമെന്നും എന്നാൽ ആളുകളെ നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും കളക്ടർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയ്ക്കെതിരേയാണ് വധഭീഷണി വന്നത്.

ഹിന്ദുത്വത്തിന്റെയും ദൈവത്തിന്റെയും വഴിയിൽ ആരെങ്കിലും കടക്കാൻ ശ്രമിച്ചാൽ അവരെ ഇല്ലാതാക്കാനായി സ്വയം ബലിനൽകാനും തയാറാണെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ സിന്ധു ബി. രൂപേഷിന്റെ പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുണാംശു ഗിരി പറഞ്ഞു. പരാതി നൽകിയില്ലെങ്കിൽ പൊലീസ് സ്വമേധയാ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, തൊട്ടുപിന്നാലെയാണ് സിന്ധു ബി. രൂപേഷിന് സ്ഥലംമാറ്റം ലഭിച്ചുള്ള ഉത്തരവ് വന്നത്. ബെളഗാവി ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് പുതുതായി നിയമിക്കപ്പെട്ട കെ.വി. രാജേന്ദ്ര.

LEAVE A REPLY

Please enter your comment!
Please enter your name here