ഞെട്ടിപ്പിക്കും ആസൂത്രണം; കാര്‍ കൊള്ളയുടെ ദൃശ്യങ്ങള്‍ പുറത്ത്!

0
193

ദില്ലി ഓഖ്ല മേഖലയിലെ കുപ്രസിദ്ധ കൊള്ള സംഘമാണ് തക് തക് ഗ്യാങ്ങ്. കാറിലെ ഒരു വിന്‍ഡോയില്‍ തട്ടി ഡ്രൈവറുടെ ശ്രദ്ധതിരിയുന്ന സമയത്ത് കവര്‍ച്ച നടത്തുന്നതാണ് സംഘത്തിന്‍റെ പ്രധാന രീതി. കാറിന്‍റെ ജനലില്‍ തട്ടിവിളിക്കുന്നതുകൊണ്ടാണ് സംഘത്തിന് തക് തക് ഗ്യാങ് എന്ന് പേര് വന്നത്.  

കാർ യാത്രികനെ സഹായിക്കാന്‍ എന്നപോലെ വാഹനം പഞ്ചറായെന്നോ മറ്റോ പറയുകയും ഡ്രൈവർ പുറത്തിറങ്ങി നോക്കുന്ന സമയത്ത് ഡോർ തുറന്ന് വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുകയുന്നതും ഇവരുടെ പതിവാണ്. ഈ സംഘം ഇതേ രീതിയില്‍ കഴിഞ്ഞ ദിവസം  ഒരു യാത്രികനെ കൊള്ളയടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു മാരുതി സിയാസ് ഉടമയെ കബളിപ്പിച്ച്  തക് തക് സംഘം കടന്നുകളയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍.

ഒരു വളവ് തിരിഞ്ഞെത്തുന്ന കാറിനെ സ്‍കൂട്ടറില്‍ മറികടന്നെത്തുന്ന രണ്ടുപേര്‍ കാര്‍ ഡ്രൈവറെ എന്തോ ആഗ്യം കാണിച്ച ശേഷം മുന്നോട്ട് കുതിക്കുന്നത് കാണാം. മുന്നിലെ ടയറിന് എന്തോ സംഭവിച്ചുവെന്നോ മറ്റോ ആണ് അവര്‍ പറയുന്നതെന്ന് തോന്നുന്നു.  ഇതോടെ അമ്പരന്ന ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഇറങ്ങി പ്രശ്‌നം എന്താണെന്നറിയാന്‍ ഇടുവശത്തേക്ക് വരുന്നു. 

ഇതിനിടെ കാറിന്റെ പിറകില്‍ കുറച്ചു അകലംപാലിച്ച് രണ്ടു സ്‍കൂട്ടറുകള്‍ കൂടി വന്നു നില്‍ക്കുന്നത് കാണാം. അതിലൊരെണ്ണത്തില്‍ നിന്നും മോഷണത്തിന് ചുമതലപ്പെട്ടയാൾ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്നു. അതോടെ ഈ സ്‍കൂട്ടര്‍ മുന്നോട്ട് പാഞ്ഞു പോകുന്നു. 

തുടര്‍ന്ന് മൂന്നാമത്തെ സ്‍കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ കാര്‍ ഡ്രൈവറോട് എന്തൊക്കെയോ സംസാരിക്കുന്നതും അയാളുടെ ശ്രദ്ധ പിന്നെയും മാറ്റുന്നതും കാണാം. ഇതിനിടെ മോഷ്‍ടാവ് കാറിന്‍റെ പിന്‍ സീറ്റ് ലക്ഷ്യമാക്കി നടക്കുന്നതും രണ്ടാമത്തെ സ്‍കൂട്ടര്‍ തിരിച്ചെത്തി രക്ഷപ്പെടലിനായി തയ്യാറായി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കാറിന്റെ വാതിൽ തുറന്ന മോഷ്‍ടാവ് ബാഗുമായി നിര്‍ത്തിയിട്ട ഈ സ്‍കൂട്ടറില്‍ കയറി രക്ഷപ്പെടുന്നു.

എന്നാല്‍ ഈ മോഷണം മറ്റൊരു വഴിയാത്രികന്‍റെ ശ്രദ്ധയിൽ പെടുന്നു, അയാൾ കള്ളന്മാരോട് ആക്രോശിച്ച് പാഞ്ഞടുക്കുന്നു. എന്നാല്‍ നൊടിയിടയില്‍ സംഘം സ്ഥലം വിടുന്നു. കാര്‍ ഡ്രൈവറുടെ ഒപ്പം മറ്റൊരു കാഴ്ചക്കാരനും അവരുടെ പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. കാര്‍ ഡ്രൈവറോട് സംസാരിച്ചുകൊണ്ടിരുന്ന മറ്റ് സംഘാംഗങ്ങളും കൂട്ടാളികളെപ്പോലെ രക്ഷപ്പെടുന്നതും കാണാം. 

വാഹനങ്ങളിൽ നിന്നും പണവും മറ്റു സാധനങ്ങളും മോഷ്ടിക്കുന്നതിൽ, പ്രത്യേകിച്ച് രാജ്യതലസ്ഥാന നഗരിയെ സംബന്ധിച്ച് ഇതു പുത്തരിയൊന്നും അല്ലെങ്കിലും പലരും ഞെട്ടലോടെയാണ് ഈ വീഡിയോ കണ്ടത്. കാരണം ഈ കുറ്റകൃത്യത്തിന്റെ ആസൂത്രണവും നടപ്പാക്കലും ഭയാനകമായ സൂക്ഷ്‍മത പുലർത്തുന്നതാണ് എന്നതു തന്നെ. പ്രൊഫഷണല്‍ കവര്‍ച്ചാസംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലും അഞ്ചും പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തുന്നത്. ദില്ലിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്‍ജിയെ ഈ കുപ്രസിദ്ധ സംഘം ഇതേ രീതിയില്‍ അടുത്തകാലത്ത് കൊള്ളയടിച്ചിരുന്നു. 

കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളുകളെ നോട്ടമിട്ടാണ് ഇവര്‍ മോഷണം നടത്താറ്. കാർ കൈ കാണിച്ചു നിർത്തി ടയറിൽ കാറ്റില്ല, വാഹനത്തിന്റെ താഴെ എന്തോ കുരുങ്ങിക്കിടക്കുന്നു, വാഹനം ഓടുമ്പോൾ എന്തോ ശബ്ദം കേൾക്കുന്നു എന്നൊക്കെ പറഞ്ഞു നമ്മുടെ ശ്രദ്ധ മാറ്റുന്നു. 

ഇത്തരം സംഭവങ്ങള്‍ എവിടെയും ആവര്‍ത്തിക്കാം. അതുകൊണ്ട് എന്താണ് പറ്റിയതെന്ന് നോക്കാൻ പുറത്തിറങ്ങുന്നതിന് മുമ്പ് വാഹനത്തിലുള്ള വസ്‍തുക്കൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല പൊതുസ്ഥലത്ത് വാഹനം അൺലോക്കുചെയ്യുന്നത് എല്ലായ്പ്പോഴും ഒഴിവാക്കുക. അവസാനമായി, നിങ്ങളുടെ ബാഗുകൾ ഒരിക്കലും പിൻ സീറ്റുകളിൽ ഇടരുത്, പ്രത്യേകിച്ചും നിങ്ങൾ മാത്രമാണ് കാറിലെങ്കിൽ. നിങ്ങളുടെ വിലപിടിപ്പുള്ള വസ്‍തുക്കള്‍ വാഹനത്തിന്‍റെ ബൂട്ടിൽ സൂക്ഷിക്കുന്നത് വളരെ സുരക്ഷിതമായിരിക്കും. കാരണം ഡോറുകള്‍ ലോക്ക് അല്ലെങ്കില്‍പ്പോലും ഡിക്കി പൂട്ടിത്തന്നെയിരിക്കും. ജാഗ്രത പാലിക്കുന്നതിലൂടെ, ഇത്തരം ദാരുണമായ സംഭവങ്ങള്‍ക്ക് ഇരയാകുന്നതില്‍ നിന്നും ഒരുപരിധിവരെ ഒഴിവാകാം.

LEAVE A REPLY

Please enter your comment!
Please enter your name here