വന്‍ കുതിപ്പ്; കേരളത്തില്‍ റെക്കോര്‍ഡുകൾ ഭേദിച്ച് സ്വർണ വില

0
276

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു. സ്വർണ വില ഇന്ന് ​ഗ്രാമിന് 75 രൂപയാണ് കൂടിയത്. പവന് 600 രൂപയും വർധിച്ചു. ​ഒരു ഗ്രാമിന് 4900 രൂപയും പവന് 39200 രൂപയുമാണ് സ്വർണത്തിന്‍റെ വിൽപ്പന നിരക്ക്.

കഴിഞ്ഞ ദിവസം ​ഗ്രാമിന് 4,825 രൂപയായിരുന്നു നിരക്ക്. പവന് 38,600 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും വൻ വർധനവാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) അന്താരാഷ്‌ട്ര വിപണിയിൽ 1,946 ഡോളറാണ് നിലവിലെ നിരക്ക്. ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയർന്ന നിരക്കാണ് സ്വർണ വിപണി ഇന്ന് മറിക‌ടന്നത്. ജൂലൈ ഒന്നിന് ​ഗ്രാമിന് 4,520 രൂപയായിരുന്നു നിരക്ക്. പവന് 36,160 രൂപയുമായിരുന്നു. 

കൊവി‍ഡ് വ്യാപനവും അമേരിക്ക ചൈന വ്യാപാര യുദ്ധവും ഓഹരി വിപണിയിലെ ചാഞ്ചാട്ടവും മൂലം ആഗോള തലത്തിൽ സ്വര്‍ണ്ണത്തിൽ നിക്ഷേപങ്ങൾ കൂടുന്നതാണ് വില കുതിച്ചുയരാൻ കാരണം. നിക്ഷേപങ്ങൾ കൂടുന്നതിനാൽ സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യത.

ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ലക്ഷണങ്ങൾ, ദുർബലമായ ഇക്വിറ്റി മാർക്കറ്റുകൾ, സാമ്പത്തിക ശക്തികൾക്കിടയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങൾ, ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച വേഗത്തിൽ വീണ്ടെടുക്കുന്നില്ലെന്ന തരത്തിലെ വിപണി റിപ്പോർട്ടുകൾ തുടങ്ങിയവയാണ് സ്വർണത്തെ നിക്ഷേപകർക്കിടയിലെ പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here