ലോകമെമ്പാടും നാശം വിതച്ച മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രതീക്ഷ നല്‍കുകയാണ് വാക്സിന്‍ പരീക്ഷണങ്ങള്‍. ‘ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റി’യില്‍ നിന്നുള്ള ഗവേഷകര്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവിലായി ശ്രദ്ധ നേടുന്നത്. ബ്രിട്ടണിലെ ഓക്സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത് നടത്തുമെന്നാണ് ബയോടെക്‌നോളജി വകുപ്പ് ഇപ്പോള്‍ പറയുന്നത്.
‘ഓക്സ്ഫഡ്- അസ്ട്രാസെനെക’ കൊവിഡ്-19 പ്രതിരോധമരുന്നിന്‍റെ മൂന്നാമത്തേതും അവസാനത്തേതുമായ പരീക്ഷണത്തിനായി രാജ്യത്ത് അഞ്ച് കേന്ദ്രങ്ങൾ തയാറാക്കുന്നതായി ബയോടെക്‌നോളജി വകുപ്പ് (ഡിബിടി) സെക്രട്ടറി രേണു സ്വരൂപ് പറഞ്ഞു. ഇത് അനിവാര്യമായ നടപടിയാണെന്നും വാക്‌സിൻ ഇന്ത്യക്കാർക്ക് നൽകുന്നതിന് മുന്‍പ് അത് സംബന്ധിച്ച് രാജ്യത്തിനകത്ത് നിന്നുള്ള വിവരം ലഭ്യമാവേണ്ടത് അത്യാവശ്യമാണെന്നും സ്വരൂപ് പറഞ്ഞു.
വാക്‌സിൻ തയാറായി കഴിഞ്ഞാൽ അത് നിർമ്മിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണ് ഓക്സ്ഫഡും പങ്കാളിയായ അസ്ട്രസെനെകയും (AstraZeneca) തെരഞ്ഞെടുത്തിരിക്കുന്നത്. വാക്സിന്‍റെ ആദ്യ രണ്ട് ഘട്ട പരീക്ഷണ ഫലങ്ങൾ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു.
‘മൂന്നാം ഘട്ട പരീക്ഷണം വളരെ പ്രധാനമാണ്. വാക്സിന്‍ വിജയകരമാകാനും അത് ഇന്ത്യന്‍ ജനതയ്ക്ക് നല്‍കാനും രാജ്യത്തിനകത്തെ വിവരങ്ങള്‍ ആവശ്യമാണ്. അഞ്ച് കേന്ദ്രങ്ങള്‍ അതിനായി തയ്യാറാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, നിര്‍മ്മാതാക്കള്‍ നടത്തുന്ന ക്ലിനിക്കല്‍ പരീക്ഷണത്തിനായി അവ സജ്ജമാവും ‘- രേണു സ്വരൂപ് പറഞ്ഞു. എന്നാല്‍ ഏതെല്ലാം കേന്ദ്രങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തതെന്ന കാര്യം ഡിബിടി സെക്രട്ടറി വ്യക്തമാക്കിയിട്ടില്ല.
വാക്സിൻ വിജയമായാൽ ഇന്ത്യയിൽ വൻ തോതിൽ ഉൽപ്പാദിപ്പിക്കാൻ സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ട്. വാക്സിൻ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുവാൻ കഴിയുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്.