ചെന്നൈ: പൂച്ചക്കുട്ടിയെ പെട്രോള്‍ പോലുള്ള എന്തോ ദ്രാവകമൊഴിച്ച ശേഷം കത്തിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏവരുടേയും കണ്ണുനനച്ചിരുന്നു. ദാരുണമായ സംഭവത്തിന് പിന്നിലെ പ്രതി ആരാണ് എന്ന് വ്യക്തമല്ല. ഈ സംഭവത്തില്‍ ഒരു വ്യാജ പ്രചാരണം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയുടെ ചിത്രമാണ് വ്യാജ പ്രചാരണക്കാര്‍ ഇതിലേക്ക് വലിച്ചിഴച്ചത്.
പ്രചാരണം ഇങ്ങനെ
1. ‘പൂച്ചക്കുട്ടിയെ ജീവനോടെ പെട്രോള്‍ ഒഴിച്ച് കൊന്ന പൈശാചികതക്ക് പിന്നില്‍ CPM നേതാവ് സുധീഷ് കുട്ടന്‍ കട്ടില്‍’ എന്നാണ് ഒരു പ്രചാരണം.
2. മറ്റൊരു പ്രചാരണത്തിലാവട്ടെ പറയുന്നത് ഇയാള്‍ യുവമോര്‍ച്ച നേതാവാണ് എന്നും. ‘പൂച്ചക്കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊടുത്തു കൊന്ന പൈശാചിക കൃത്യത്തിനു പിന്നില്‍ യുവമോര്‍ച്ച നേതാവ് സതീഷ് പുല്‍പറമ്പില്‍’. വാര്‍ത്ത പുറത്തുവന്നതോടെ ചേര്‍ത്തലയിലെ യുവമോര്‍ച്ച നേതാവ് ഒളിവില്‍ എന്നും നല്‍കിയിട്ടുണ്ട്.
മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ സഹിതം രണ്ട് ചിത്രങ്ങളാണ് ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്. പൂച്ചക്കുട്ടിയോടുള്ള ക്രൂരത: നീചനെ തേടി ലോകം എന്ന തലക്കെട്ടിലുള്ള പത്രവാര്‍ത്തയുടെ കട്ടിംഗും രണ്ട് ചിത്രത്തിലുമുണ്ട്. ഈ ചിത്രങ്ങള്‍ നിരവധി പേര്‍ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്‌തതായി കണ്ടെത്താനായി.
വസ്‌തുത
എന്നാല്‍, പോസ്റ്റുകളില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം ഗായകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജയുടേതാണ്. യുവാന്‍റെ ചിത്രം ചേര്‍ത്ത് നേരത്തെയും വ്യാജ കഥകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
വസ്‌തുത പരിശോധന രീതി
ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റുകളിലുള്ള ചിത്രം യുവന്‍ ശങ്കര്‍ രാജയുടേത് തന്നെയാണ് എന്ന് ഗൂഗിള്‍ സെര്‍ച്ചിലൂടെ ഉറപ്പിച്ചു. മാത്രമല്ല, സംഗീത പ്രേമികള്‍ക്ക് സുപരിചിതമായ മുഖമാണ് യുവന്‍റേത്. എന്നിട്ടും ചിത്രം തെറ്റായ രീതിയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
നിഗമനം
പൂച്ചക്കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊടുത്തു കൊന്നയാള്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയുടെ ചിത്രമാണ് ഇത്തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. ചിത്രത്തിലെ കുറിപ്പില്‍ പറയുന്നത് പോലെ കുറ്റം ചെയ്‌തയാള്‍ സിപിഎം പ്രവര്‍ത്തകനോ യുവമോര്‍ച്ച പ്രവര്‍ത്തകനോ അല്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ. കുറ്റം ചെയ്‌തയാള്‍ തന്നെയാണ് ദൃശ്യം പകര്‍ത്തിയത് എന്നാണ് അനുമാനിക്കപ്പെടുന്നത്.