ന്യൂഡല്‍ഹി: അണ്‍ലോക്ക് -3 ന്റെ ഭാഗമായി സ്‌കൂളുകള്‍ തുറന്നേക്കില്ല. സ്‌കൂളുകള്‍ക്ക് പുറമെ മെട്രോ സര്‍വീസുകളും ആരംഭിച്ചേക്കില്ല. ഇന്‍ഡോര്‍ നീന്തല്‍ കുളങ്ങള്‍, ജിംനേഷ്യങ്ങള്‍ എന്നിവയും തുറന്നേക്കില്ലെന്നാണ് സൂചന.
നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് കൊടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ തുറക്കാനും മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനും അനുമതി നല്‍കാമെന്ന് ആദ്യം കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അവസാന നിമിഷം തീരുമാനം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ ഇളവുകള്‍ വരുന്നതോടെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള മേഖലകളില്‍ സാധാരണ ജനജീവിതമായിരിക്കും ഉണ്ടാവുക. എന്നാല്‍ ഈ ഇടങ്ങളില്‍ ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ടാകും.
68 ദിവസം നീണ്ടു നിന്ന ലോക്ക് ഡൗണിന് ശേഷം ജുണ്‍മുതല്‍ ഇതുവരെ രണ്ടുതവണ ഇളവുകള്‍ കൊണ്ടുവന്നിരുന്നു. ഓരോതവണയും കൂടുതല്‍ അളവുകളാണ് അനുവദിച്ചത്. എന്നാല്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം എന്തൊക്കെ ഇളവുകള്‍ അനുവദിക്കും എന്നതില്‍ തീരുമാനമുണ്ടാകും.