തിരുവനന്തപുരം (www.mediavisionnews.in): കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കാനാവാതെ വന്നാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാധ്യത തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും സംസ്ഥാനം ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. അത് മനസിലാക്കി ജാഗ്രത പാലിച്ച് പോകണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായം നേരത്തെ തന്നെ പറഞ്ഞു കഴിഞ്ഞു. കൂടുതല്‍ ശക്തമായ കരുതല്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മറ്റ് വിഭാഗങ്ങളുടെ അഭിപ്രായ രൂപീകരണം നടക്കുന്നുണ്ട്. സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ തള്ളിക്കളയാനാവില്ല, എന്നാല്‍ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇപ്പോള്‍ ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായിട്ടല്ല അപകട സാധ്യത ഉള്ളത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. രോഗ ലക്ഷണില്ലാത്തവരും രോഗ വാഹകരാകുന്നു, അത് അങ്ങേയറ്റം അപകടകരമായ അവസ്ഥയാണ്. എവിടെയും രോഗം എത്താം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അതുകൊണ്ട് കൂടുതല്‍ ശക്തമായ കരുതല്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.