ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാര്‍ക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രാജസ്ഥാന്‍ സ്പീക്കറുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.
കോണ്‍ഗ്രസ് വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും സുപ്രീംകോടതി പറഞ്ഞു. അതേ സമയം ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി സുപ്രീംകോടതി 27-ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സ്പീക്കറുടെ നടപടിക്രമങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്നായിരുന്നു ഹര്‍ജിയിലെ വാദം. സ്പീക്കര്‍ തീരുമാനമെടുക്കുംമുന്‍പേ അതു പുനഃപരിശോധിക്കാനാവില്ല. സച്ചിന്‍ പൈലറ്റിനും കൂട്ടര്‍ക്കുമെതിരേ നോട്ടീസയക്കുക മാത്രമാണു ചെയ്തത്. അയോഗ്യതാ വിഷയത്തില്‍ അവരുടെ അഭിപ്രായം തേടിയാണ് നോട്ടീസ്. അത് അവരുടെ അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനമില്ലെന്നും സ്പീക്കറുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കപില്‍ സിബലാണ് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായത്.
പാര്‍ട്ടിനേതൃത്വത്തെ ചോദ്യംചെയ്തത് അയോഗ്യതാ നോട്ടീസയക്കാനുള്ള കാരണമല്ലെന്നാണ് സച്ചിന്‍ പൈലറ്റ് പക്ഷം ഹൈക്കോടതിയില്‍ ഉന്നയിച്ച വാദം. എതിര്‍പാര്‍ട്ടിയില്‍ ചേരുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ ശബ്ദം തടയാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര വാദത്തിനിടെ പറഞ്ഞു. ‘ഇത് വെറും ഒരു ദിവസത്തെ കാര്യമാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് കാത്തിരിക്കാനാവാത്തത്,” വിമതര്‍ക്ക് ഇടപെടാനോ സംരക്ഷണ ഉത്തരവുകള്‍ നല്‍കാനോ ഹൈക്കോടതിക്ക് അവകാശമുണ്ടോ എന്നത് സംബന്ധിച്ച വാദത്തിനിടെ കോടതി ചോദിച്ചു. എന്നാല്‍ ദിവസത്തിന്റെ പ്രശ്‌നമല്ലെന്നും ഹൈക്കോടതി ഉത്തരവ് ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരാണെന്ന് കപില്‍ സിബല്‍ വാദിച്ചു.